'ഒന്നിച്ചിരുന്ന് വീതിച്ചെടുക്കേണ്ടതാണ് പദവികൾ'; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലീഗിന് അതൃപ്തി

ഡെപ്യൂട്ടി മേയര്‍ സ്ഥാനം തന്നില്ലെങ്കില്‍ പലയിടങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍വിസി അഹമ്മദ്

'ഒന്നിച്ചിരുന്ന് വീതിച്ചെടുക്കേണ്ടതാണ് പദവികൾ'; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലീഗിന് അതൃപ്തി
dot image

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുസ്ലിം ലീഗിന് അതൃപ്തി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ലീഗ് കത്ത് കൊടുത്തിരുന്നുവെന്നാണ് മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ വ്യക്തമാക്കുന്നത്. തങ്ങളുടെ ആവശ്യം പരിഗണക്കണമെന്ന് പറഞ്ഞിരുന്നുവെന്നും ചര്‍ച്ച നടക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് മേയര്‍, ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിച്ചതില്‍ ലീഗിന് പ്രശ്‌നമുണ്ടെന്നും മുഹമ്മദ് ഷാ പറഞ്ഞു. ഇന്ന് ഡിസിസി മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി മുഹമ്മദ് ഷാ രംഗത്തെത്തിയത്.

'മുസ്‌ലിം ലീഗുമായി ഒന്നിച്ച് തീരുമാനമെടുക്കേണ്ട സംവിധാനമാണ് യുഡിഎഫ്. ലീഗ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. നാളെ ലീഗ് യോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുന്‍പ് കോണ്‍ഗ്രസ് തീരുമാനമെടുത്തത് ശരിയായ പ്രവണതയല്ല. ഒന്നിച്ചിരുന്ന് വീതിച്ചെടുക്കേണ്ടതാണ് പദവികള്‍. നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' മുഹമ്മദ് ഷാ പ്രതികരിച്ചു.

സംഭവത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍വിസി അഹമ്മദും രംഗത്തെത്തി. ജില്ലയില്‍ ലീഗിന് സ്വാധീനമുള്ള മേഖലകളുണ്ടെന്നും കോണ്‍ഗ്രസ് അത് മനസിലാക്കണമെന്നുമായിരുന്നു എന്‍വിസി അഹമ്മദിന്റെ പ്രതികരണം. ഡെപ്യൂട്ടി മേയര്‍ സ്ഥാനം തന്നില്ലെങ്കില്‍ പലയിടങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും എന്‍വിസി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം ജില്ലയിലെ ബാക്കി പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും നടത്തുന്ന യുഡിഎഫ് മുന്നണി ചര്‍ച്ചകള്‍ അവസാനിപ്പിക്കാൻ ലീഗ് ജില്ലാ നേതൃത്വം പ്രാദേശിക കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യത്തെ രണ്ടര വര്‍ഷം വി കെ മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും മേയറാകും. എറണാകുളം ഡിസിസിയാണ് പ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി മേയര്‍ പദവിയും ടേം വ്യവസ്ഥയിലാണ്. ദീപക് ജോയ്, കെ വി പി കൃഷ്ണകുമാര്‍ എന്നിവര്‍ ഡെപ്യൂട്ടി മേയര്‍ പദവി പങ്കിടും. ദീപക് ജോയ്ക്കാണ് ആദ്യ ടേമില്‍ ഊഴം. രണ്ടാമത്തെ രണ്ടര വര്‍ഷം കെ വി പി കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറാകും.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിയെയും പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടി അനുമതിയോടെയാണ് മിനിമോളും ഷൈനിയും മേയര്‍ സ്ഥാനം പങ്കിടാനുള്ള തീരുമാനമായതെന്നും സൂചനയുണ്ട്.

Content Highlight; The League has expressed dissatisfaction over not being considered for the post of Deputy Mayor

dot image
To advertise here,contact us
dot image