അസമിൽ വീണ്ടും സംഘർഷം: രണ്ട് പേർ കൊല്ലപ്പെട്ടു, രണ്ട് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ഭരണകൂടം

സംഘര്‍ഷം പടരാതിരിക്കാനാണ് ഇന്‍റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ

അസമിൽ വീണ്ടും സംഘർഷം: രണ്ട് പേർ കൊല്ലപ്പെട്ടു, രണ്ട് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ഭരണകൂടം
dot image

ഗുവാഹത്തി: അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്തിന് പിന്നാലെ രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. കര്‍ബി ആംഗ്ലോങ്, പടിഞ്ഞാറന്‍ കര്‍ബി ആംഗ്ലോങ് എന്നീ ജില്ലകളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷം പടരാതിരിക്കാനാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതും പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും തടയാനാണ് ഇന്റര്‍നെറ്റ് നിരോധിച്ചതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടംകൂടുന്നത് തടയാനും പൊതുമുതല്‍ നശിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്നത്. സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തുകയാണ്.

രണ്ട് വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അക്രമണം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് വീട് ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ചേക്കേറിയത്. സുരക്ഷയ്ക്കായി അസം പൊലീസിനൊപ്പം അര്‍ദ്ധസൈനിക വിഭാഗവും മേഖലയില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മേഖലയില്‍ നിയന്ത്രണങ്ങള്‍ തുടരും.

Content Highlight; Conflict again in Assam; Two people were killed and the administration imposed an internet ban in two districts

dot image
To advertise here,contact us
dot image