ഒഴിവാക്കിയത് 24.95 ലക്ഷം പേരെ; കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും; പരാതികള്‍ ജനുവരി 22 വരെ

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന ആവശ്യം ശക്തം

ഒഴിവാക്കിയത് 24.95 ലക്ഷം പേരെ; കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും; പരാതികള്‍ ജനുവരി 22 വരെ
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയുടെ കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദങ്ങളും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോം ഉണ്ടാകും. പേര് ചേര്‍ക്കുന്നതിന് ഫോം നമ്പര്‍ ആറാണ്. എന്‍ഐആര്‍ പൗരന്മാര്‍ക്കായി ഫോം ആറ് എയാണ്. പേര് നീക്കുന്നതിന് ഫോം ഏഴ്, തിരുത്തല്‍ വരുത്തുന്നതിനോ താമസ സ്ഥലം മാറ്റുന്നതിനോ ഫോ എട്ട് എന്നിങ്ങനെ ഉപയോഗിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും.

കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് തീയതി മുതല്‍ പതിനഞ്ച് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതി മുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന ആവശ്യം ശക്തമാണ്. മരിച്ചുപോയവര്‍ എന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പലരും ജീവിച്ചിരിപ്പുണ്ടെന്ന അകാശവാദവുമായി രാഷ്ട്രീയ നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന വേണമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കുകൂടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അവധിക്കെത്തുന്ന ഇവരില്‍ നല്ലൊരുശതമാനവും കണ്ടെത്താന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടുന്ന എഎസ്ഡി പട്ടികയില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

എസ്‌ഐആര്‍ നടപടിയിലൂടെ സംസ്ഥാനത്ത് 24.95 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിന്റെ പട്ടിക കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതലോ തവണ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരികെ നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ കയറി പരിശോധിച്ചാല്‍ പുറത്താക്കപ്പെട്ടവരുടെ വിവരം അറിയാം സാധിക്കും. ലിങ്കില്‍ പ്രവേശിച്ച ശേഷം ജില്ല, നിയമസഭാ മണ്ഡലം, പാര്‍ട്ട് (ബൂത്ത് നമ്പര്‍) എന്നിവ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം ഡൗണ്‌ലോഡ് എഎസ്ഡി എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ അറിയാം.

Content Highlights- SIR: Draft voter list will release tomorrow

dot image
To advertise here,contact us
dot image