

പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ കാണാന്‍ വാളയാര്‍ സ്റ്റേഷനില്‍ സുബൈര്‍ കേസിലെ പ്രതി ജിനീഷ് എത്തിയിരുന്നതായും വിവരം. ഇതിന്റെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു.
കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്ദൻ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക. 10 അംഗ എസ്ഐടി രൂപീകരിച്ചെന്ന് അജിത് കുമാര്‍ ഐപിഎസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. എസ്സി, എസ്ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ ഉണ്ടെന്ന് സംശയമുണ്ട്.
Content Highlights: Palakkad Ramnarayan death 4 of the arrested accused are BJP supporters