PV അൻവറും CK ജാനുവും UDFൽ; കേരള കാമരാജ് കോൺഗ്രസും ഭാഗമാകും: നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമായി മുന്നണി

നിലവില്‍ മൂന്ന് പാര്‍ട്ടിയെയും അസോസിയേറ്റ് കക്ഷിയായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്

PV അൻവറും CK ജാനുവും UDFൽ; കേരള കാമരാജ് കോൺഗ്രസും ഭാഗമാകും: നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമായി മുന്നണി
dot image

കൊച്ചി: പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെയും മുന്നണിയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. ഇന്ന് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ ഇരുവരെയും മുന്നണിയിലേക്ക് സ്വീകരിക്കാന്‍ നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കമരാജ് കോണ്‍ഗ്രസിനെയും സഹകരിപ്പിക്കും. അസോസിയേറ്റഡ് അംഗങ്ങളായിട്ടാണ് മൂന്ന് പാർട്ടികള്‍ക്കും പ്രവേശനം നല്‍കിയിരിക്കുന്നത്.

നിലവില്‍ മൂന്ന് പാര്‍ട്ടിയെയും അസോസിയേറ്റ് കക്ഷിയായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീട് ഘടകകക്ഷിയാക്കാനാണ് മുന്നണിയുടെ തീരുമാനം. യുഡിഎഫിന്റെ അടിത്തറ വിപുലീകരണമായിരുന്നു ഇന്ന് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിന്‍റെ ഭാഗമായി നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യം കാണിച്ചിരുന്നവരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നു.

മാണി വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ചരടുവലികളും സജീവമാക്കും. ഇതിന് വേണ്ടി മുസ്‌ലിം ലീഗും കോണ്‍ഗ്രസും മുന്‍കൈ എടുക്കും. പി ജെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും സമാന്തരമായി നടക്കും. ഒരു പാര്‍ട്ടിയെയും അങ്ങോട്ട് പോയി ക്ഷണിക്കേണ്ടതില്ലെന്നുള്ള തീരുമാനവും ഇന്ന് എടുത്തിട്ടുണ്ട്. യുഡിഎഫ് ആശയത്തില്‍ താല്‍പര്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെ എന്നാണ് യുഡിഎഫ് നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിലെ പ്രതീക്ഷയില്‍ മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ആവശ്യപ്പെടും.

ഇത് സംബന്ധിച്ച കത്ത് തെരഞ്ഞെടുപ്പ്കമ്മീഷന് നല്‍കും. ബിഹാറിന് സമാനമായ കാര്യങ്ങള്‍ നടന്നോയെന്ന് പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് ഗൃഹ സന്ദര്‍ശനവും യുഡിഎഫ് നടത്തും. എല്ലാവര്‍ക്കും വോട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് സന്ദര്‍ശനം. പ്രധാന നേതാക്കള്‍ക്കാണ് ഗൃഹ സന്ദര്‍ശനത്തിന്റെ ചുമതല. വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തു പോയവരുടെ പട്ടിക പരിശോധിക്കും.

Content Highlights: UDF invited P V Anvar and C K Janu in alliance

dot image
To advertise here,contact us
dot image