ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കുമില്ലാത്ത നേട്ടം; വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി സ്മൃതി മന്ദാന

ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഒന്നാം ടി20 മത്സരത്തിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കുമില്ലാത്ത നേട്ടം; വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി സ്മൃതി മന്ദാന
dot image

ടി20 ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ താരം സ്‌മൃതി മന്ദാന. അന്താരാഷ്ട്ര ടി20യിൽ 4000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡാണ് സ്‌മൃതി മന്ദാന സ്വന്തം പേരിലെഴുതിച്ചേർത്തത്. ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഒന്നാം ടി20 മത്സരത്തിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 25 പന്തിൽ 25 റൺസ് നേടിയാണ് സ്‌മൃതി മടങ്ങിയത്.

ശ്രീലങ്കയ്ക്കെതിരെ 18 റൺസ് നേടിയപ്പോൾ തന്നെ സ്‌മൃതി 4000 ടി20 റൺസ് ക്ലബ്ബിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 4000 ടി20 റൺസ് നേടുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് സ്‌മൃതി. ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സാണ് സ്മൃതി മന്ദാനയ്ക്ക് മുൻപ് ഈ ചരിത്രനേട്ടത്തിലെത്തിയ ആദ്യ വനിത താരം. 4716 ടി20 റൺസാണ് സൂസി ഇതുവരെ നേടിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ 2013ൽ അരങ്ങേറ്റം കുറിച്ച സ്‌മൃതി ഇതുവരെ 153 മത്സരങ്ങളിൽ നിന്നും 4007 റൺസാണ് അടിച്ചെടുത്തിട്ടുള്ളത്. ഒരു സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും സഹിതമാണ് ടി20യിൽ സ്‌മൃതിയുടെ സമ്പാദ്യം.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹർമൻപ്രീത് കൗറും സംഘവും മറികടന്നു.

Content Highlights: Smriti Mandhana First Indian to Hit 4,000 Runs in Women's T20s

dot image
To advertise here,contact us
dot image