ടിപി വധക്കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോള്‍: ആർക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെകെ രമ; രൂക്ഷ വിമർശനം

15 ദിവസത്തെ പരോളാണ് അനുവദിച്ചത്

ടിപി വധക്കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോള്‍: ആർക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെകെ രമ; രൂക്ഷ വിമർശനം
dot image

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. രണ്ടുപേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

എന്നാൽ സർക്കാർ നീക്കത്തിനെതിരെ എംഎൽഎയും ടി പി ചന്ദ്രശേഖറിൻ്റെ ഭാര്യയുമായ കെ കെ രമ രംഗത്തെത്തി. പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ നൽകുകയാണെന്നും എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ആണിതെന്നും രമ ചോദിച്ചു. ഈ ഭരണകാലയളവ് അവസാനിക്കാൻ പോകുമ്പോള്‍ തങ്ങൾ സംരക്ഷിക്കുന്നുണ്ട് എന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്നും അവർ പറഞ്ഞു. ആർക്കും കിട്ടാത്ത ആനുകൂല്യങ്ങൾ ആണ് ലഭിക്കുന്നതെന്നും പ്രതികൾക്ക് കൈക്കൂലി വാങ്ങി സഹായം ചെയ്ത ഡിഐജി വിനോദ് കുമാറിനെതിരെ നടപടി എടുക്കുന്നില്ലെന്നും രമ പറഞ്ഞു.

കഴിഞ്ഞദിവസം നാലാം പ്രതിയായ ടി കെ രജീഷിനും പരോള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ട് തവണയാണ് പരോള്‍ ലഭിച്ചത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സയൊക്കെ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്.

ഒരു മാസം ജയിലില്‍ കിടക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലില്‍ കഴിയുന്നവര്‍ക്ക് 60 ദിവസം പരോള്‍ ലഭിക്കുമെന്നതാണ് ജയില്‍ ചട്ടം. തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് മാസമായി ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല. 31 ആകുമ്പോഴേക്ക് സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ ആവശ്യപ്പെട്ടത് പോലെ പരോള്‍ അനുവദിക്കുന്നുവെന്നായിരുന്നു ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരണം.

Content Highlights: T P Chandrasekhar case Muhammad Shafi and Shinoj get Parole

dot image
To advertise here,contact us
dot image