

കൊച്ചി: ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആകെ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനുള്ള വിജ്ഞാപനമായിരുന്നു ഇറക്കിയത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയായിരുന്നു വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നടപടി ചോദ്യം ചെയ്താണ് ഗോസ്ബല്‍ ഏഷ്യാ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.
ആവശ്യമായ ഭൂമി എത്രയെന്ന് കണക്കാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്നും കോടതി ചോദിച്ചു. ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്ട് അസസ്‌മെന്റ് യൂണിറ്റും എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയും സര്‍ക്കാരും പരാജയപ്പെട്ടെന്ന് ഉത്തരവില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് പുതിയ സാമൂഹ്യ ആഘാത പഠനത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിര്‍ദേശമുണ്ട്.
Content Highlights: Sabarimala airport High Court quashes government s notification regarding land acquisition