സര്‍ക്കാര്‍ ചെലവില്‍ അവര്‍ ഹില്‍പാലസ് കാണും; ദുരനുഭവം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി

വളരെ സങ്കടകരമായ ഒരവസ്ഥയില്‍ നിന്നും ഇന്ന് ഈ സന്തോഷം നിറഞ്ഞ അവസ്ഥയിലേക്ക് സ്‌നേഹക്കൂട് കുടുംബത്തെ ചേര്‍ത്തുപിടിച്ചവരോട് നന്ദിയുണ്ടെന്ന് നിഷ

സര്‍ക്കാര്‍ ചെലവില്‍ അവര്‍ ഹില്‍പാലസ് കാണും;  ദുരനുഭവം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ഹില്‍പാലസ് കാണാനെത്തി അധിക്ഷേപം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയോധികരെ മുഖ്യമന്ത്രി ക്ഷണിച്ചതായി 'സ്‌നേഹക്കൂടിന്റെ' സ്ഥാപക നിഷ ഫേസ്ബുക്കില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവില്‍ അച്ഛനമ്മമാര്‍ ഹില്‍ പാലസ് മുഴുവന്‍ കാണുമെന്നും നിഷ പറഞ്ഞു.

മുഖ്യമന്ത്രി, ദേവസ്വം വകുപ്പ് മന്ത്രി വി വാസവന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, ജെയ്ക് സി തോമസ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി കൂടെ നിന്നവരോടെല്ലാം നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്ന് നിഷ പറഞ്ഞു. 'ആദരണീയനായ മുഖ്യമന്ത്രി ക്ഷണിച്ചു. നമ്മുടെ അച്ഛനമ്മമാര്‍ ഹില്‍ പാലസ് മുഴുവന്‍ കാണും. ആടും, പാടും, റീല്‍സും ഷൂട്ട് ചെയ്യും. പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍. വളരെ സങ്കടകരമായ ഒരവസ്ഥയില്‍ നിന്നും ഇന്ന് ഈ സന്തോഷം നിറഞ്ഞ അവസ്ഥയിലേക്ക് സ്‌നേഹക്കൂട് കുടുംബത്തെ ചേര്‍ത്തുപിടിച്ചവരോട് സ്‌നേഹക്കൂട് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ സ്‌നേഹവും, കടപ്പാടും അറിയിക്കുന്നു', നിഷ പറഞ്ഞു.

അതേസമയം ഹില്‍പാലസ് മ്യൂസിയം കാണാന്‍ എത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ തൃക്കാക്കര എസ്പി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം സ്നേഹക്കൂട് സംഘടിപ്പിച്ച സഫലമീ യാത്രയുടെ ഭാഗമായി ഹില്‍പാലസ് കാണാനെത്തിയ വയോധികര്‍ക്കാണ് പൊലീസുകാരനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. അധിക്ഷേപിക്കപ്പെട്ടതിന് പിന്നാലെ വയോധികര്‍ മ്യൂസിയം കാണാതെ നിരാശയോടെ മടങ്ങുകയായിരുന്നു.

പിന്നാലെ നിഷ തങ്ങള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തി. സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യവും അസഭ്യം പറച്ചിലും കാരണം സ്‌നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങിയെന്ന് നിഷ പറഞ്ഞിരുന്നു. വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്.

നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്കും, വാഹന പാര്‍ക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചത് പ്രകാരം കാണാന്‍ പോകുന്നവര്‍ക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചുവെന്ന് നിഷ പറഞ്ഞിരുന്നു.

വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തില്‍ വന്നവരാണെന്നും ആരുമില്ലാത്തവരാണെന്നും പറഞ്ഞപ്പോള്‍ 'ഇതൊക്കെ കുറെ ഞാന്‍ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയെന്നും നിഷ പറയുന്നു. ഒടുവില്‍ പാലസ് കാണാതെ തിരികെ മടങ്ങവെ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നുമായിരുന്നു നിഷയുടെ ആരോപണം.

Content Highlights: CM Pinarayi Vijayan invited old age home people who insuted in Hill Palace

dot image
To advertise here,contact us
dot image