

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബജറ്റ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. 1300 കൊടിയിലാണ് സിനിമ ഒരുങ്ങുന്നത്. പ്രിയങ്ക ചോപ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജമൗലി ഒരുക്കുന്ന സിനിമകൾ എല്ലാം തന്നെ വലിയ സ്കെയിൽ ചിത്രങ്ങളാണ്, സിനിമയുടെ ബജറ്റ് 1300 കോടിയോളമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട് ഇത് സത്യമാണോ എന്നായിരുന്നു അവതാരകൻ പ്രിയങ്കയോട് ചോദിച്ചിരുന്നത്. അതെ എന്നായിരുന്നു നടിയുടെ മറുപടി. പ്രിയങ്ക സിനിമയിലേക്ക് ജോയിൻ ചെയ്തതിന് ശേഷമാണ് സിനിമയുടെ ബജറ്റ് ഉയർന്നതെന്ന വാർത്തകൾ ഉണ്ടെന്നും അവതാരകൻ പറഞ്ഞു. ' നിങ്ങൾ പറഞ്ഞു വരുന്നത് വാരാണാസിയുടെ' പകുതി ബജറ്റും വന്നത് എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആണോ' എന്ന് ഇതിന് മറുപടിയായി നടി തമാശ രൂപേണ ചോദിച്ചു. കപിൽ ശർമ ഷോയിലായിരുന്നു നടിയുടെ പ്രതികരണം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മന്ദാകിനി എന്നാണ് സിനിമയിൽ പ്രിയങ്കയുടെ ക്യാരക്ടറിന്റെ പേര്. ഏറെക്കാലത്തിന് ശേഷം പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ ഭാഷാ സിനിമയെന്ന പ്രത്യേകതയും വാരണാസിക്കുണ്ട്. ഹോളിവുഡ് സിനിമകളിലായിരുന്നു നടി ഏറെക്കാലമായി ശ്രദ്ധ നൽകിയിരുന്നത്. അടുത്തിടെയായിരുന്നു സിനിമയുടെ ട്രെയ്ലർ ലോഞ്ച് ബ്രഹ്‌മാണ്ഡമായി നടന്നിരുന്നത്.
രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആർ ആർ ആർ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയിൽ ആഗോളതലത്തിൽ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. എം എം കീരവാണിയാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്.
ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Content Highlights: Priyanka Chopra Opens Up About the Budget of Varanasi