കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ യുഡിഎഫ് കൗണ്‍സിലര്‍ക്ക് മര്‍ദനം; ഒരാള്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ യുഡിഎഫ് കൗണ്‍സിലര്‍ക്ക് മര്‍ദനം; ഒരാള്‍ കസ്റ്റഡിയില്‍
dot image

കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ കൗണ്‍സിലര്‍ക്ക് മര്‍ദനം. യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യുവിന് കഴുത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താന്‍ ജയിച്ചതിലെ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് ജോമി മാത്യു പ്രതികരിച്ചു.

'ഞാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയാറെടുക്കുമ്പോള്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ജോസഫ് കുര്യനും മകന്‍ അനീഷും എന്നെ ജയിപ്പിക്കരുതെന്ന് പറഞ്ഞു നടക്കുകയായിരുന്നു. എന്നോട് വിദ്വേഷമുണ്ടായിരുന്നു. പരാതി കൊടുത്തിട്ടുണ്ട്', ജോമി പറഞ്ഞു. അതേസമയം തന്നെ കഴിഞ്ഞ ദിവസം ജോമി തല്ലിയെന്നായിരുന്നു ജോസഫ് കുര്യന്റെ പ്രതികരണം.

ഇടത് അംഗം കലാരാജുവിൻ്റെ കാലുമാറ്റത്തിൽ ശ്രദ്ധാകേന്ദ്രമായ കൂത്താട്ടുകുളം നഗരസഭ യുഡിഎഫ് നിലനിർത്തിയിരുന്നു. യുഡിഎഫിന് 16 സീറ്റും എൽഡിഎഫ് 10 സീറ്റുമാണ് ലഭിച്ചത്. 2025ൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്നാണ് എൽഡിഎഫിൽ നിന്ന് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്.

കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലറായിരുന്ന കല രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ ചെയര്‍പേഴ്സണ്‍ മത്സരിച്ച കല രാജു വിജയിക്കുകയും ചെയ്തു. വോട്ടെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിനാണ് കലാ രാജു പരാജയപ്പെടുത്തിയത്. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നടന്നത്.

Content Highlights: Councilor beaten during oath-taking ceremony in Koothattukulam Municipality

dot image
To advertise here,contact us
dot image