

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നയിക്കാന്‍ ഇനി പുതിയ സാരഥികള്‍. ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പുതിയ കൗണ്‍സിലുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇരുപതിനായിരത്തോളം ജനപ്രതിനിധികളാണ് അധികാരമേല്‍ക്കുന്നത്.
മുന്‍ എംഎല്‍എമാരായ കെ എസ് ശബരിനാഥന്‍, അനില്‍ അക്കര, കെ സി രാജഗോപാല്‍, ആര്‍ ലതാദേവി എന്നിവര്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗമായ ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെ എസ് ശബരീനാഥനും മുട്ടട കൗണ്‍സിലര്‍ വൈഷ്ണ സുരേഷ് ഉള്‍പ്പെടെയുള്ളവരും സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞ ചൊല്ലിയാണ് അധികാരമേറ്റത്.
ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ കേരള പ്രഭാരി പ്രകാശ് ജാവദേക്കറും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തിരുവനന്തപുരത്ത് എത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍ വി വി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
2030 ഡിസംബര്‍ വരെയാകും പുതിയ ഭരണസമിതികളുടെ കാലാവധി. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കില്ല.
മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.
Content Highlights: local body members take oath