മോഹൻലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ഞാനും ശ്രീനിയും ആലോചിച്ചിരുന്നു; സത്യൻ അന്തിക്കാട്

സന്ദേശം പോലൊരു ചിത്രം ഇന്ന് സാധ്യമല്ലെന്നും കാരണം വ്യക്തമാക്കികൊണ്ട് സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്‍റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മോഹൻലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ഞാനും ശ്രീനിയും ആലോചിച്ചിരുന്നു; സത്യൻ അന്തിക്കാട്
dot image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ, മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ശ്രീനിവാസൻ വിടവാങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ സന്ദേശം. ചിത്രത്തിൽ രാഷ്ട്രീയരംഗത്തെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും ഹാസ്യാത്മകമായി വിമർശിച്ചതിനെ തിയേറ്ററുകളും പ്രേക്ഷകരും ഏറ്റെടുത്തിരിന്നു. ശ്രീനിവാസന്റെ രചനാവൈഭവത്തിന് കയ്യടികളുയരുകയും ചെയ്തു. എന്നാൽ സിനിമ അരാഷ്ട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനവും ശക്തമായി ഉയർന്നിരുന്നു.

ഇപ്പോൾ ശ്രീനിവാസന്റെ സംസ്‌കാരചടങ്ങുകൾക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ചും സന്ദേശം സിനിമയെ കുറിച്ചും സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. സന്ദേശം പോലൊരു പുതിയ സിനിമ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ തങ്ങൾ ആലോചിച്ചിരുന്നു എന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തി. എന്നാൽ ഇന്നത്തെ കാലം പണ്ടത്തേത് പോലെ സഹിഷ്ണുതയുള്ളതല്ലെന്നും അതുകൊണ്ട് അത്തരത്തിലൊരു ചിത്രം സാധ്യമല്ലെന്ന് മനസിലാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sandesham movie

'സന്ദേശത്തെ കുറ്റം പറയുന്ന ചെറിയൊരു വിഭാഗമുണ്ട്. പക്ഷെ അത് അവർക്ക് ആ സിനിമ വേണ്ട രീതിയിൽ മനസിലാകാത്തതുകൊണ്ടാണ്. സന്ദേശത്തിന്റെ രണ്ടാം ഭാഗം പോലൊരു ചിത്രം ഞാനും ശ്രീനിയും ആലോചിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കിയാണ് ആലോചിച്ചത്. നിരവധി പാർട്ടികളും ഗ്രൂപ്പുകളും ഇന്നുണ്ട്. അവയിൽ ആര് പറയുന്നതാണ് സത്യമെന്നും യാഥാർത്ഥ്യമെന്നും അറിയാതെ കുഴങ്ങിപ്പോകുന്ന നിഷ്‌കളങ്കനായ ഒരു നായക കഥാപാത്രത്തെ വെച്ച് ചെയ്യാനായിരുന്നു ആലോചിച്ചത്.

പക്ഷെ പണ്ടത്തേത് പോലെ സഹിഷ്ണുതയുള്ള കാലമല്ല ഇന്ന് എന്നതും നമുക്കറിയാം. അതുകൊണ്ട് തന്നെ അങ്ങനെയൊരു ചിത്രം ഇനിയുണ്ടാകില്ല. അതറിയാവുന്നതുകൊണ്ടാണ് ഇപ്പോൾ ഇത് തുറന്നുപറയുന്നത്. ശ്രീനി ഉണ്ടായിരുന്നെങ്കിൽ അത്തരം സിനിമകൾ ചെയ്യാനുള്ള ധൈര്യം ഉണ്ടാകുമായിരുന്നു,' സത്യൻ അന്തിക്കാട് പറഞ്ഞു.

ശ്രീനിവാസൻ എന്തിലും ഹാസ്യം കണ്ടെത്തിയിരുന്ന മനുഷ്യനായിരുന്നു എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അസുഖത്തെ കുറിച്ച് ചോദിക്കുമ്പോൾ പോലും 'അസുഖം നന്നായി പോകുന്നു' എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. 'ശ്രീനിയ്ക്ക് നിത്യശാന്തി നേരുന്നു എന്നൊന്നും ഞാൻ പറയുന്നില്ല, അങ്ങനെ പറഞ്ഞാൽ ശ്രീനി കളിയാക്കും. നല്ല ശാന്തിയുള്ള, വേദനകളില്ലാത്ത ലോകത്തേക്കാണ് പോയിരിക്കുന്നത് എന്ന് ശ്രീനിക്ക് അറിയാം,' സത്യൻ അന്തിക്കാട് പറഞ്ഞു.

ഇന്നലെ (ശനിയാഴ്ച) രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Sreenivasan with Sathyan Anthikad and Mohanlal

48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.

ഇന്ന് രാവിലെ 10 മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്.

Content Highlights: Sathyan Anthikad says he planned a movie like Sandhesham with Sreenivasan starring Mohanlal. He also reveals the reason behind why the projest didn't happen

dot image
To advertise here,contact us
dot image