

പത്തനംതിട്ട: ബലിദാനികളുടെ പേരില്‍ സത്യപ്രതിജ്ഞ ചൊല്ലിയതായി പരാതി. വോട്ടറാണ് ബിജെപി അംഗങ്ങള്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കി. കോയിപ്രം പഞ്ചായത്തിലാണ് സംഭവം. വോട്ടര്‍ പുല്ലാട് സ്വദേശി സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. ദൈവനാമത്തോടൊപ്പം ബലിദാനികള്‍ എന്ന് ചേര്‍ത്ത് സത്യ വാചകം ചൊല്ലിയതായാണ് പരാതി.
ബലിദാനികള്‍ എന്ന് ചേര്‍ത്തത് ഭരണഘടനാ വിരുദ്ധം എന്നും സന്തോഷ് പരാതിയില്‍ സൂചിപ്പിക്കുന്നു. 4,5,9,11,12 വാര്‍ഡിലെ അംഗങ്ങളാണ് ബലിദാനികള്‍ എന്ന് ചേര്‍ത്ത് സത്യവാചകം ചൊല്ലിയത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഇന്ന്. ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പുതിയ കൗണ്‍സിലുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇരുപതിനായിരത്തോളം ജനപ്രതിനിധികളാണ് അധികാരമേല്‍ക്കുന്നത്.
2030 ഡിസംബര്‍ വരെയാകും പുതിയ ഭരണസമിതികളുടെ കാലാവധി. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കില്ല.
മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.
Content Highlights: Local Body Oath Voter complained against BJP members