

കോട്ടയം: താന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകനാണെന്നും ജോബ് മൈക്കിള്‍ എംഎല്‍എയും താനും രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജ പ്രചരണമാണെന്നും
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. തികച്ചും സാങ്കല്പികവും യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വ്യാജ വാര്‍ത്തയാണിത്. ഉറച്ച നിലപാടുകളോടെ കേരള കോണ്‍ഗ്രസ് എമ്മിലും എല്‍ഡിഎഫിലും ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കുതന്ത്രത്തിലൂടെ യുഡിഎഫും ബിജെപിയും നേടിയ തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് എല്‍ഡിഎഫ് ശക്തമായി മുന്നോട്ടുപോവുകയും മൂന്നാമതും ഇടതുപക്ഷം അധികാരം നേടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജപ്രചരണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു…
ഞാനും, ശ്രീ. ജോബ് മൈക്കിള്‍ എംഎല്‍എയും രാഷ്ട്രീയ നിലപാട് മാറ്റുന്നു എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടു. തികച്ചും സാങ്കല്പികവും, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വ്യാജ വാര്‍ത്തയാണ് അത്. ഞാന്‍ കേരള കോണ്‍ഗ്രസ് (എം ) ന്റെ അടിയുറച്ച പ്രവര്‍ത്തകനാണ്.കേരള കോണ്‍ഗ്രസ് (എം ) എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകവും. ഈ രണ്ടു കാര്യങ്ങളിലും ഒരു മാറ്റവും ഇല്ല. ഉറച്ച നിലപാടുകളോടെ കേരള കോണ്‍ഗ്രസ് (എം) ലും, എല്‍ഡിഎഫിലും ശക്തമായി നിലകൊള്ളും. ഇത്തരം വ്യാജ വാര്‍ത്തകള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. എങ്കിലും ചില സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് ഇത്തരം ഒരു വിശദീകരണത്തിന് മുതിര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്.
കേരളം ഏറ്റവും അധികം വികസനം കൈവരിച്ചത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ക്ഷേമപ്രവര്‍ത്തനങ്ങളിലും, എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുന്ന കാര്യത്തിലും എല്‍ഡിഎഫും, ഈ ഗവണ്‍മെന്റും സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചിട്ടുള്ളത്. പ്രളയവും കോവിഡും തകര്‍ത്ത ഒരു നാടിനെ, കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരെ സ്വീകരിക്കുന്ന കടുത്ത വിവേചനവും അപ്രഖ്യാപിത സാമ്പത്തിക ഉപരോധവും എല്ലാ നിലയിലും ഉള്ള തകര്‍ക്കല്‍ നിലപാടുകളെയും അതിജീവിച്ച്, പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളെയും എല്ലാം മറികടന്നാണ് ഈ ഗവണ്‍മെന്റ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
നാട് അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് വികസനവും, ക്ഷേമവും എല്ലാം പുകമറയിലാക്കി വൈകാരിക വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നും, ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ തരാതരം പോലെ താലോലിച്ചും തെരഞ്ഞെടുപ്പ് കുതന്ത്രത്തിലൂടെ യുഡിഎഫും, ബിജെപിയും നേടിയ തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് എല്‍ഡിഎഫ് ശക്തമായി മുന്നോട്ടുപോവുകയും, മൂന്നാമതും ഇടതുപക്ഷം അധികാരം നേടുകയും ചെയ്യും.
Content Highlights: MLA Sebastian Kulathunkal dismisses rumors of Kerala Congress (M) leaving LDF