താക്കോലിനായുള്ള പിടിവലിയില്‍ മകന്‍ അജിത്തിനെ ആക്രമിച്ചിരുന്നു; നിര്‍ണായകമായി ഭാര്യയുടെ മൊഴി

ദീപാവലിയുടെ തലേനാളായിരുന്നു അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

താക്കോലിനായുള്ള പിടിവലിയില്‍ മകന്‍ അജിത്തിനെ ആക്രമിച്ചിരുന്നു; നിര്‍ണായകമായി ഭാര്യയുടെ മൊഴി
dot image

തിരുവനന്തപുരം: വട്ടപ്പാറയില്‍ അജിത്തിന്റെ മരണത്തില്‍ നിര്‍ണായകമായി ഭാര്യയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ബീനാ അജിത്തിന്റെ പ്രതികരണം. കാറിന്റെ താക്കോലിന് വേണ്ടിയുള്ള പിടിവലിയില്‍ മകന്‍ അജിത്തിനെ ആക്രമിച്ചിരുന്നുവെന്നാണ് ബീന പറയുന്നത്. അജിത്തിന്റെ മരണം നടന്ന് പത്താംനാള്‍ വീട് വൃത്തിയാക്കിയെന്നും ബീന പറയുന്നു.

ദീപാവലിയുടെ തലേനാളായിരുന്നു അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇതിലെ വിവരങ്ങളും വീട്ടിലെ മുറി പെയിന്റ് ചെയ്തതും സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി. ഭര്‍ത്താവിന്റെ മരണത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന് ഇപ്പോഴും ആവർത്തിക്കുകയാണ് ബീന.

മരിക്കുന്നതിന് മുമ്പ് അജിത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മരണത്തിന് പിന്നാലെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും കാണാതായി. രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുള്ള ബീനയെ മത്സരിപ്പിക്കരുതെന്നും ഇനി മത്സരിക്കുകയാണെങ്കിലും പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നുവെന്നുമായിരുന്നു അജിതിന്റെ കുറിപ്പ്. ബീനയ്ക്ക് ഇനി എവിടെയും സീറ്റ് കൊടുക്കരുതെന്നും കൊടുത്താല്‍ താന്‍ അവള്‍ക്കെതിരെ രംഗത്തെത്തുമെന്നും അജിത്തിന്റെ കുറിപ്പിലുണ്ട്.

പോസ്റ്റ് ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബീന മൊഴി നല്‍കിയത്. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പിതാവ് പോസ്റ്റിട്ടിരുന്നുവെന്നും അത് ഡിലീറ്റ് ചെയ്തുമെന്നുമാണ് മകന്റെ മൊഴി. എന്നാല്‍ പോസ്റ്റില്‍ അത്തരമൊരു വാചകം ഉണ്ടായിരുന്നില്ല. പിതാവ് തന്റെ വിരലില്‍ കടിച്ചു. ഇതില്‍ പ്രകോപിതനായി താന്‍ പിതാവിനെ ചെറുതായി അടിച്ചുവെന്നുമായിരുന്നു മകന്‍റെ മൊഴി. അച്ഛന്റെ മരണത്തില്‍ സംശയമില്ലെന്നും മകന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. 31 പരിക്കുകള്‍ അജിത്തിന്റെ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ അജിത്തിന്‍റെ അച്ഛനും അമ്മയും രംഗത്തെത്തുകയായിരുന്നു. അന്വേഷണത്തില്‍ പ്രത്യേക ടീമിയെ നിയോഗിക്കാന്‍ എസ്പിക്ക് മന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശം നല്‍കി.

Content Highlights: thiruvananthapuram ajith death wife Beena said son attacked him

dot image
To advertise here,contact us
dot image