

പാലക്കോട്: വാളയാര്‍ ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ഇര നേരിടേണ്ടി വന്നത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറൻസിക് സർജൻ ഡോ.ഹിതേഷ് ശങ്കര്‍. യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അടി കിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. 'ദേഹം മുഴുവന്‍ മൃഗീയമായ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശരീരത്തിന്‍റെ പലയിടങ്ങളില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്. ആള്‍ക്കൂട്ട മര്‍ദനം കുറ്റകരമല്ല എന്ന തോന്നല്‍ ആളുകളുടെ മനസിലുണ്ട്. എന്നാല്‍ ആള്‍ക്കൂട്ട മര്‍ദനവും കുറ്റകരമാണെന്ന് ജനങ്ങള്‍ മനസിലാക്കണം. അതിഥി തൊഴിലാളികള്‍ എന്ന് നമ്മള്‍ വിളിക്കുന്നവരുടെ കൂട്ടത്തിലുള്ള ഒരാളെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.
'മൃതദേഹത്തിലുണ്ടായ പാടുകളെക്കുറിച്ചും മറ്റും വളരെ വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റിട്ടും കുറച്ച് സമയം അയാള്‍ ജീവനോടെ ഉണ്ടായിരുന്നു. പക്ഷെ മരണം അതിദാരുണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും.' ഡോ. ഹിതേഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു വാളയാറിൽ രാം നാരായണൻ എന്ന അതിഥി തൊഴിലാളി അതിക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ സംഘം രാം നാരായണിനെ പരിശോധിച്ചെങ്കിലും മോഷണ വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാം നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight; “Not a Single Part Left Unbeaten”: Forensic Surgeon Describes Brutal Assault on migrant worker death