മുന്നണി വികസനം അജണ്ടയിലില്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ല; പി ജെ ജോസഫ്

'ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യം, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ല'

മുന്നണി വികസനം അജണ്ടയിലില്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ല; പി ജെ ജോസഫ്
dot image

ഇടുക്കി: മുന്നണി വികസനം യുഡിഎഫിന്‍റെ അജണ്ടയിലില്ലെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ ദിവസം ജോസഫ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യം, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. മുന്നണി വികസനം ആദ്യം ചർച്ചചെയ്യേണ്ടത് യുഡിഎഫിലാണ്. ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെ തള്ളിയ ജോസ് കെ മാണി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്നുമാണ് പ്രതികരിച്ചത്.

ജോസഫ് ഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചിരുന്നു. തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്ക് 38 വാർഡുകളിൽനിന്ന് മത്സരിച്ച ജോസഫ് ഗ്രൂപ്പ് രണ്ടിടത്ത് മാത്രമാണ് ജയിച്ചത്. ഇതുവരെ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ജോസഫ് വിഭാഗത്തിന് ചെയർമാൻ ഉണ്ടായിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസഫ് വിഭാഗത്തെ പരുന്തിന്‍റെ പുറത്തിരിക്കുന്ന കുരുവിക്കുഞ്ഞെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ

മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജോസ് കെ മാണി ഉറപ്പ് നൽകി. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി മാറ്റ വാർത്തകൾ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചത്. ഒരു യുഡിഎഫ് നേതാക്കളുമായും ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചതായാണ് വിവരം.

Content Highlights : PJ Joseph says udf development is not on the agenda

dot image
To advertise here,contact us
dot image