

മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ വനിതാ ലീഗ് നേതാക്കള്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഐഎം നേതാവ്. വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്‍റെ പരാമർശം. മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു അധിക്ഷേപ പ്രസംഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് മജീദിന്റെ വിവാദ പരാമർശങ്ങള്‍.
'വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങള്‍ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിക്കട്ടെ. ഞങ്ങളുടെ മക്കള്‍ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭര്‍ത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്', മജീദ് പറഞ്ഞു.
കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഇതല്ല, ഇതിലും വലുത് കേള്‍ക്കേണ്ടി വരുമെന്നും മജീദ് പറഞ്ഞു. താന്‍ പറഞ്ഞതിനെതിരെ വേണമെങ്കില്‍ കേസ് കൊടുത്തോളൂവെന്നും നേരിടാന്‍ തയ്യാറാണെന്ന വെല്ലുവിളിയും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന മജീദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൈമാറിയിരുന്നു.
അതേസമയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം.
341 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 54ഇടത്ത് യുഡിഎഫും 28ഇടത്ത് എല്‍ഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78, എല്‍ഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
Content Highlights: local body election result 2025 CPIM leader defame Women muslim league workers