

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം പ്രതീക്ഷിച്ചതല്ലെന്നും മികച്ച വിജയം അര്‍ഹിച്ചിരുന്നെങ്കിലും ജനവിധി മറിച്ചാണുണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ജനങ്ങള്‍ക്കിടയില്‍ വ്യാമോഹങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് പ്രധാനമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന വോട്ട് കിട്ടിയില്ലായെന്നതുകൊണ്ട് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ജനം തങ്ങിക്കളഞ്ഞുവെന്ന് അര്‍ത്ഥമില്ലെന്നും എം സ്വരാജ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമല്ലെന്നും എം സ്വരാജ് പറഞ്ഞുവെക്കുന്നു. 'തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണെന്ന് വ്യാഖ്യാനിക്കുകയും മുഖപ്രസംഗമെഴുതുകയും ചെയ്യുന്നവരുണ്ട്. അത്തരക്കാര്‍ പഴയ യുഡിഎഫ് ഭരണകാലത്തെ കേരളത്തിന്റെ അവസ്ഥ മറന്നുപോയവരാണ്. എല്‍ഡിഎഫ് ഭരണത്തിന്റെ ഭാഗമായി നാട്ടിലുണ്ടായ മാറ്റം ജനം സ്വീകരിച്ചതാണ്. വിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനങ്ങളില്‍ നിന്നും പഠിക്കും. തിരുത്തേണ്ടത് തിരുത്തും', എം സ്വരാജ് ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും രാഷ്ട്രീയസ്വഭാവമുള്ള വോട്ടിംഗ് നടക്കുന്നത് ജില്ലാ പഞ്ചായത്തിലേക്കാണ്. ഇതില്‍ ഏഴുവീതം ജില്ലകളില്‍ വീതം വിജയിച്ച് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതില്‍ യുഡിഎഫിന് വിജയിക്കാനായതില്‍ പകുതിയും താരതമ്യേന ചെറിയ ജില്ലകളാണെന്നും സ്വരാജ് പറഞ്ഞുവെക്കുന്നു.
ഒരു തദ്ദേശ തെരഞ്ഞെടുപ്പുകൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓര്‍ക്കണം. ഇതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് 2010 ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തേതിനേക്കാള്‍ കടുത്തതായിരുന്നു. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എല്‍ഡിഎഫ് നടന്നുകയറിയത്. ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂവെന്നും എം സ്വരാജ് പറഞ്ഞു.
Content Highlights: Local Body Election Result world will not end with local elections Said CPIM Leader M Swaraj