

കൊല്ലം : കൊട്ടാരക്കരയിലെ യുഡിഎഫ് പരാജയത്തിന് പിന്നാലെ രൂക്ഷ വിമർശനം ഉന്നയിച്ച കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കറിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത്. അൻവർ സുൽഫിക്കറിനെതിരെ നടപടി വേണമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച ആളാണിതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ ശക്തമായ നടപടി സ്വീകരിക്കണം. കോൺഗ്രസ് വിജയത്തിന്റെ ശോഭ കെടുത്താൻ ശ്രമിക്കുകയാണെന്നും വിമർശനത്തിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ പ്രതിഫലിക്കാതെ പോയതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിനെ ഉന്നംവെച്ച് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫികർ രംഗത്തെത്തിയത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കൈയാണെന്നും കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിന് തകർച്ച സമ്പൂർണമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണം ആലോചിച്ച് തല പുകയ്ക്കാൻ നിൽക്കേണ്ടെന്നും ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവർ സുൾഫിക്കർ പ്രതികരിച്ചത്.
പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല. ഈ ദേശീയ നേതാവിനെയും പിഎയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തെരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേര് പരമാർശിക്കാതെയായിരുന്നു അൻവർ സുൽഫിക്കറിൻ്റെ വിമർശനം.
സിപിഐഎമ്മിനെ സുഖിപ്പിച്ച് ലോകസഭ ജയിക്കും. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും. ഏറ്റവും ശ്രദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാതാണന്നും അൻവർ പറഞ്ഞു. തങ്ങൾക്ക് താൽപര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങളായി ഇവർ നടപ്പാക്കുന്ന നയമാണ്. മാവേലിക്കര ലോക്സഭയിൽ താൻ അല്ലാതെ ആരും വേണ്ട എന്ന നിലപാടാണെന്നും അൻവർ വ്യക്തമാക്കി. കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Content Highlight :Kodikunnil Suresh MP responds to Anwar Zulfikar's facebook post