ശിക്ഷാവിധിയിൽ അസംതൃപ്തി, എട്ടു വർഷമായി ആ കുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ല; ഉമ തോമസ്

'സെൻസേഷണലായ ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു'

ശിക്ഷാവിധിയിൽ അസംതൃപ്തി, എട്ടു വർഷമായി ആ കുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ല; ഉമ തോമസ്
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ അസംതൃപ്തിയെന്ന് ഉമ തോമസ് എംഎൽഎ. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു.

നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.

കേസിൽ എട്ടാം പ്രതിയായ ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയതിലും ഉമ തോമസ് പ്രതികരിച്ചിരുന്നു. അതിജീവിതയ്ക്ക് സമ്പൂർണ നീതി ലഭിച്ചില്ലെന്നും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും പറഞ്ഞ ഉമ തോമസ്, കാര്യങ്ങൾ വഴിതിരിച്ച് വിടാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷികളിൽ ഒരാളായിരുന്നു അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസ്. അദ്ദേഹം സ്വന്തം മകൾക്ക് അപകടം നേരിട്ട പോലെയാണ് വിഷയത്തിൽ ഇടപെട്ടതെന്ന് ഭാര്യയായ ഉമാ തോമസ് പറഞ്ഞിരുന്നു. മൊഴി നൽകുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് സമ്മർദങ്ങൾ ഉണ്ടായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

Content Highlights: Actress attack case verdict; Uma Thomas expresses dissatisfaction

dot image
To advertise here,contact us
dot image