'തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരണം, ബിജെപിയിലേക്ക് വരുന്നതാണ് നല്ലത്': HRDS സെക്രട്ടറി അജി കൃഷ്ണന്‍

പുരസ്‌കാരത്തിന്റെ കാര്യം നേരത്തെ തന്നെ തരൂരിനെ അറിയിച്ചിരുന്നെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അവാര്‍ഡ് നിഷേധിച്ചതെന്ന് അറിയില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞു

'തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരണം, ബിജെപിയിലേക്ക് വരുന്നതാണ് നല്ലത്': HRDS സെക്രട്ടറി അജി കൃഷ്ണന്‍
dot image

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി എച്ച്ആര്‍ഡിഎസ് സംസ്ഥാന സെക്രട്ടറി അജി കൃഷ്ണന്‍. പുരസ്‌കാരത്തിന്റെ കാര്യം നേരത്തെ തന്നെ തരൂരിനെ അറിയിച്ചിരുന്നെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അവാര്‍ഡ് നിഷേധിച്ചതെന്ന് അറിയില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞു. തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരികയാണ് വേണ്ടതെന്നും തരൂരിനെപ്പോലെ ഒരാള്‍ ബിജെപിയിലേക്ക് വരുന്നതാണ് നല്ലതെന്നും അജി കൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് കൂടെ നില്‍ക്കുന്ന ആളുകളെ സംശയിക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തരൂരിനെ പുറത്താക്കണമെന്ന് പറയുന്നവരാണെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി അൽപ്പസമയം മുൻപ് വ്യക്തമാക്കിയിരുന്നു. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്നാണ് ശശി തരൂർ പറഞ്ഞത്. ശശി തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു.

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത ആളാണെന്നും അങ്ങനെയുള്ള വ്യക്തിയുടെ പേരിലുള്ള അവാർഡ് ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ലെന്നും കെ മുരളീധരൻ പുറഞ്ഞു. അത്തരത്തിൽ ഒരു അവാർഡ് വാങ്ങിയാൽ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും. ശശി തരൂര്‍ അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ശശി തരൂർ അവാർഡ് നിരസിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു.  എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  ശശി തരൂരിന് സമ്മാനിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചിരുന്നു.

Content Highlights: 'Tharoor should come out of Congress, it is better to come to BJP': Aji Krishnan hrds

dot image
To advertise here,contact us
dot image