എൽഡിഎഫിന് വോട്ട് ചെയ്യുമ്പോൾ ബിജെപി ചിഹ്നത്തിന് നേരെ ലൈറ്റ് തെളിഞ്ഞു: തിരുവനന്തപുരത്ത് അട്ടിമറിയെന്ന് പരാതി

അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സമഗ്രമായ അന്വേഷണം നടക്കണമെന്നും സിപിഐഎം ഏരിയാ സെക്രട്ടറി കെ ഗിരി പറഞ്ഞു

എൽഡിഎഫിന് വോട്ട് ചെയ്യുമ്പോൾ ബിജെപി ചിഹ്നത്തിന് നേരെ ലൈറ്റ് തെളിഞ്ഞു: തിരുവനന്തപുരത്ത് അട്ടിമറിയെന്ന് പരാതി
dot image

തിരുവനന്തപുരം: വോട്ടിംഗ് മെഷീനില്‍ അട്ടിമറി സംശയമെന്ന് പരാതി. തിരുവനന്തപുരം പൂവച്ചലിലാണ് ആരോപണം. എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ ബിജെപി ചിഹ്നത്തിന് നേരെ ലൈറ്റ് തെളിഞ്ഞു എന്നാണ് ആരോപണം. റീ പോളിംഗ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി. മുതിയാവിള സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. 85 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സമഗ്രമായ അന്വേഷണം നടക്കണമെന്നും സിപിഐഎം ഏരിയാ സെക്രട്ടറി കെ ഗിരി പറഞ്ഞു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെയുളള കണക്ക് പ്രകാരം പോളിംഗ് ശതമാനം കുറവാണ്. 70.09 ശതമാനം പോളിംഗാണ് നടന്നത്. കണക്ക് അന്തിമമല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ 73.79 ശതമാനം പോളിംഗ് നടന്നിരുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് എറണാകുളം ജില്ലയിലാണ്. 74.58 ശതമാനം പോളിംഗാണ് ജില്ലയില്‍ നടന്നത്. കുറവ് പോളിംഗ് പത്തനംതിട്ട ജില്ലയിലായിരുന്നു. 66.78 ശതമാനം പോളിംഗായിരുന്നു പത്തനംതിട്ടയില്‍ നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന എല്ലാ ജില്ലകളിലും പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ട്.

തിരുവനന്തപുരം- 67.4 ശതമാനം, കൊല്ലം- 70.36 ശതമാനം, ആലപ്പുഴ- 73.76 ശതമാനം, കോട്ടയം- 70.96 ശതമാനം, ഇടുക്കി- 71.77 ശതമാനം എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ പോളിംഗ്. ആദ്യ മണിക്കൂറുകളില്‍ പോളിംഗ് കുതിച്ചപ്പോള്‍ കനത്ത പോളിംഗ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലാകുകയായിരുന്നു. കോര്‍പ്പറേഷനില്‍ ശക്തമായ മത്സരമുള്ള വാര്‍ഡുകളില്‍ 70ന് മുകളിലാണ് പോളിംഗ്. അതേസമയം വടക്കന്‍ ജില്ലകളില്‍ നാളെയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ.

Content Highlights: Light shone on BJP symbol while voting for LDF: Complaint of coup in Thiruvananthapuram

dot image
To advertise here,contact us
dot image