നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി.

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തില്‍ പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറയുന്നു. ആക്ഷേപം വിജിലന്‍സ് രജിസ്ട്രാറോ മറ്റൊരു ഏജന്‍സിയോ അന്വേഷിക്കണമെന്നും പരാതിയിലൂടെ യശ്വന്ത് ഷേണായി ആവശ്യപ്പെടുന്നു. ഊമക്കത്ത് വിധിയുടെ രഹസ്യാത്മകത തകര്‍ക്കുന്നതാണെന്നും ജുഡീഷ്യറിയുടെ സല്‍പ്പേരും അഖണ്ഡതയും തകര്‍ക്കുന്നതാണെന്നും യശ്വന്ത് ഷേണായി ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 8 ന് വിധി പറയുന്ന കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്,സ ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഒഴിവാക്കി ആറ് പ്രതിക്കെതിരെയാണ് ശിക്ഷ വിധിക്കാന്‍ പോകുന്നതെന്ന് ഊമക്കത്തില്‍ പറയുന്നുണ്ട്. തന്റെ സ്വന്തം അടുപ്പക്കാരിയായ ഷേര്‍ളിയെക്കൊണ്ട് ജഡ്ജ്‌മെന്റ് തയ്യാറാക്കി ഹണി എം വര്‍ഗീസ് എട്ടാം പ്രതിയുടെ സന്തത സഹചാരിയായ ഹോട്ടല്‍ ബിസ്സിനസുകാരനായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു. ഹണി വര്‍ഗ്ഗീസിനെ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്. ആയതുകൊണ്ടാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗ്ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നുമാണ് ഉള്ളടക്കം. 'ഇന്ത്യന്‍ പൗരന്‍' എന്ന പേരിലെഴുതിയ ഈ ഊമക്കത്തും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിന് അയച്ച കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

Content Highlights: Allegations that the verdict in the actress attack case was leaked demanding an investigation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us