

കൊച്ചി: തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. സൈബര്‍ ആക്രമണങ്ങളില്‍ തളരില്ലെന്ന് മിനി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മിനിയുടെ പ്രതികരണം. 'എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തളരാന്‍ ഉദ്ദേശിക്കുന്നില്ല', മിനി പറഞ്ഞു.
കഴിഞ്ഞ ദിവസവും സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് മിനി വ്യക്തമാക്കിയിരുന്നു. ചിലയാളുകള്‍ ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നുമായിരുന്നു മിനി വ്യക്തമാക്കിയത്. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്നും മിനി പറഞ്ഞിരുന്നു.
'ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മതി. 12ാം തിയ്യതിക്ക് ശേഷം നമ്മള്‍ വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് 'double rape' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്. കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഡിസംബര്‍ 12ന് ആരംഭിക്കും.
Content Highlights: Actress attack case TB Mini against Dileep in cyber attack