

തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. തിരിച്ചെടുക്കുമോ എന്നത് കെപിസിസി അധ്യക്ഷനാണ് തീരുമാനിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
'രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടുണ്ട്. ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്. പാര്‍ട്ടി ചെയ്യാനാകുന്നത് ചെയ്തു. പാര്‍ട്ടി നടപടി ആലോചനകള്‍ക്കൊടുവില്‍ എടുത്തത്. ആ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നു. തിരിച്ചെടുക്കുമോയെന്നത് കെപിസിസി അധ്യക്ഷന്‍ ആണ് തീരുമാനിക്കേണ്ടത്', ഷാഫി പറമ്പില്‍ പറഞ്ഞു.
അയ്യന്റെ സ്വര്‍ണം കട്ടവര്‍ ജയിലില്‍ കിടക്കുമ്പോള്‍ സിപിഐഎം എന്ത് ന്യായീകരണമാണ് പറയുകയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ളയാണ് ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഷാഫി പറമ്പില്‍.
അതേസമയം ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്‍ക്കെയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം.
Content Highlights: It is up to the KPCC president to decide whether to take it back rahul said Shafi parambil