'രാഹുലിനെ തൊട്ടാല്‍ കൊന്നുകളയും'; റിനി ആന്‍ ജോര്‍ജിന് വധഭീഷണി; പൊലീസില്‍ പരാതി നല്‍കി

വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായി റിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു

'രാഹുലിനെ തൊട്ടാല്‍ കൊന്നുകളയും'; റിനി ആന്‍ ജോര്‍ജിന് വധഭീഷണി; പൊലീസില്‍ പരാതി നല്‍കി
dot image

കൊച്ചി: യുവ നടി റിനി ആന്‍ ജോര്‍ജിന് വധ ഭീഷണി. ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ കൊന്നുകളയുമെന്ന് വീടിന്റെ മുന്‍പിലെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും റിനി ആരോപിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാവും അന്വേഷണം.

കഴിഞ്ഞ ദിവസം നേരിട്ട ദുരനുഭവം റിനി റിപ്പോർട്ടറുമായി പങ്കുവെച്ചു. ഇരുചക്രവാഹനത്തിലെത്തിയ അക്രമികൾ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായി റിനി പറയുന്നു. രാത്രിയായതിനാല്‍ അക്രമികളുടെ മുഖ്യ വ്യക്തമായില്ലെന്നും റിനി വിശദീകരിച്ചു. നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍ കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസത്തെ സംഭവം ഭയപ്പെടുത്തുന്നതാണെന്നും റിനി പറയുന്നു.


ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ 'ഹു കെയേഴ്‌സ്' എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ഇത് രാഹുല്‍ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച 'ഹു കെയേഴ്‌സ്' ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.

ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. ഒടുവിൽ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

Content Highlights: Actress Rini Ann George receives death threat police complaint filed

dot image
To advertise here,contact us
dot image