വിരാട് കോഹ്‌ലി ഇതിന് മുന്‍പ് ഹാട്രിക് സെഞ്ച്വറി നേടിയിട്ടുണ്ടോ? ചരിത്രം പറയുന്നത് ഇങ്ങനെ

ഈ ചരിത്രം ഇക്കുറി ആവര്‍ത്തിക്കുമോ എന്നുമാത്രമാണ് അറിയേണ്ടത്

വിരാട് കോഹ്‌ലി ഇതിന് മുന്‍പ് ഹാട്രിക് സെഞ്ച്വറി നേടിയിട്ടുണ്ടോ? ചരിത്രം പറയുന്നത് ഇങ്ങനെ
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ഹാട്രിക് സെഞ്ച്വറിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. പരമ്പരയിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ സ്വന്തമാക്കി മിന്നും ഫോമിലാണ് വിരാട് കോഹ്‌ലി. വിശാഖപട്ടണത്ത് ഇന്ന് നടക്കുന്ന മൂന്നാം ഏകദിന പോരാട്ടത്തിലും മൂന്നക്കം തൊട്ടാൽ വിരാട് കോഹ്‌ലിക്ക് ഹാട്രിക് സെഞ്ച്വറി സ്വന്തമാക്കാം.‌

ചരിത്രത്തിൽ ഇതിനുമുന്‍പ് വിരാട് കോഹ്‌ലി തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ‌ നേടിയിട്ടുണ്ടോ എന്നാണ് ആരാധകരുടെ ആകാം​ക്ഷ. ഇതിനുമുൻപും കിം​ഗ് കോഹ്‌ലി ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക് സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.

2018 ല്‍ വിന്‍ഡീസിനെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്‌ തുടര്‍ച്ചയായി മൂന്നുതവണ മൂന്നക്കം തൊട്ടത്. വിന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 140 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. പിന്നാലെ വിശാഖപട്ടണത്ത് വെച്ച് നടന്ന രണ്ടാം ഏകദിനത്തിൽ 157 റണ്‍സും പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിൽ 107 റണ്‍സും കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഈ ചരിത്രം ഇക്കുറി ആവര്‍ത്തിക്കുമോ എന്നുമാത്രമാണ് അറിയേണ്ടത്.

Virat Kohli in West Indies series 2018
2018 വിന്‍ഡീസ് പരമ്പരയില്‍ വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തില്‍ കോഹ്‌ലി 135 റണ്‍സെടുത്ത കോഹ്‌ലി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയം വഴങ്ങിയെങ്കിലും കോഹ്‌ലി സെഞ്ച്വറി കണ്ടെത്തിയിരുന്നു. റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ 102 റണ്‍സാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിശാഖപട്ടണത്തും സൂപ്പർ സെഞ്ച്വറി തന്നെയാണ് ആരാധകർ സൂപ്പർ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

കിം​ഗ് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിങ് നേരിട്ട് കാണാനായി ആരാധകരും വിശാഖപട്ടണത്തേക്ക് ഒഴുകിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണത്തെ മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ക്രിക്കറ്റില്‍ വിശാഖപട്ടണം സ്റ്റേഡിയത്തിലെ ടോപ് സ്‌കോററാണു വിരാട് കോഹ്‌ലി. വിശാഖപട്ടണത്ത് ഏഴ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്‌ലി 587 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. 157 ആണ് സ്റ്റേഡിയത്തില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

‌ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് നടക്കുന്നത്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. ഇന്ന് വിജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.

Content highlights: IND vs SA: Virat Kohli Hat-tric Century in ODI

dot image
To advertise here,contact us
dot image