

തിരുവനന്തപുരം: കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഇതിന്‍റെ സ്വാധീനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വോട്ടുകള്‍ ചേരിതിരിഞ്ഞ് പോയി. അതിന്‍റെ പ്രതിഫലനവും തെരഞ്ഞെടുപ്പില്‍ കാണാനായേക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
വെല്‍ഫെയർ പാർട്ടി-യുഡിഎഫ് ബന്ധം ആരോപിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാകും. യുഡിഎഫിന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം ഉണ്ടോയെന്ന് അറിയില്ല. ഫെല്‍ഫയർ പാർട്ടിയുമായി വ്യാപകമായ സഖ്യം എവിടേയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫയർ പാർട്ടിക്ക് ഇപ്പോള്‍ മുന്‍ നിലപാട് ഇല്ല. ദേശീയ തലത്തിലെ ഭരണത്തിന്‍റെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടില്‍ മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ പ്രാദേശിക തലത്തില്‍ ചിലയിടങ്ങളില്‍ ധാരണയുണ്ട്. ഇതിനെ സമസ്ത എതിർക്കുന്നു എന്ന് പറയുന്നത് ശരിയല്ല. സംഘടനയിലെ ചിലർ മാത്രമാണ് എതിർക്കുന്നത്. സമസ്ത ആത്മീയ സംഘടനയാണെന്നും മുസ്‌ലിം ലീഗ് അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂർ മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെ അദ്ദേഹം യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. സമാന ചിന്താഗതിക്കാർ ഒരുമിച്ച് ഇരിക്കുന്നതാണ് നല്ലത്. അന്‍വറിന്‍റെ രാഷ്ട്രീയം ഇടത് വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭൂരിഭാഗം മുസ്‌ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയുമായി നാല് വോട്ടിന് വേണ്ടി യുഡിഎഫ് സഖ്യമുണ്ടാക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. കോണ്‍ഗ്രസ് അവരുമായി സഖ്യത്തിന് തയ്യാറായെന്നും മുസ്‌ലിം ലീഗ് അതിന് കുടപിടിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ടിന് വേണ്ടി നാടിന്റെ സമാധാനവും മതനിരക്ഷേപ പാരമ്പര്യവും യുഡിഎഫ് പണയംവയ്ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
'ജമാഅത്തെ ഇസ്‌ലാമി കേരളത്തിന്റെ മതേതരത്വത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് പറയാന്‍ സാധിക്കില്ല. ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യമായി സഖ്യത്തിന് തയ്യാറായിരിക്കുകയാണ് യുഡിഎഫും കോണ്‍ഗ്രസും. കേരളത്തിലെ മുസ്‌ലിം ജനങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ സുന്നി, മുജാഹിദ് ആണ്. അത് കഴിഞ്ഞാല്‍ നാമമാത്രമായവരാണ് ബാക്കിയുളളത്.' മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവര് അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലെയല്ല പ്രവര്‍ത്തിക്കുന്നത്. അവരുമായി കൂട്ടുപിടിക്കുക എന്നത് ആത്മഹത്യാപരമായ നിലപാടാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം. യുഡിഎഫിന് വോട്ട് ചെയ്യുന്ന മുസ്‌ലിങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവയ്ക്കുന്ന നയവും രാഷ്ട്രീയവും ഉള്‍ക്കൊളളാന്‍ കഴിയില്ല. എന്നിട്ടും നാല് വോട്ട് കിട്ടുമെങ്കില്‍ അതിന് വേണ്ടി ജമാഅത്തെ ഇസ്‌ലാമിയുമായി അവിശുദ്ധ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Sadiq Ali Shihab Thangal Says split in Muslim votes will be reflected in the election