'കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് 2 യമണ്ടന്‍ തോല്‍വികള്‍; നിയമസഭയില്‍ 20 സീറ്റ് തികയ്ക്കാന്‍ കഷ്ടപ്പെടും'

കേരളത്തിലെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് രണ്ട് യമണ്ടന്‍ തോല്‍വികളെന്ന് സംവിധായകന്‍ കലവൂർ രവികുമാർ

'കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് 2 യമണ്ടന്‍ തോല്‍വികള്‍; നിയമസഭയില്‍ 20 സീറ്റ് തികയ്ക്കാന്‍ കഷ്ടപ്പെടും'
dot image

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ട് വന്‍തോല്‍വികളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ. സാധാരണ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങൾ ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കും. കോൺഗ്രസിനു ഇത്തവണ അതിന് കഴിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ വിഷയം ഇവിടംകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. രാഹുൽവിഷയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അന്തരീക്ഷത്തിൽ ഉണ്ടാകും. ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സംസ്ഥാന സർക്കാറിന്‍റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൂടിയാകുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികക്കാൻ കോൺഗ്രസും സഖ്യകക്ഷികളും കഷ്ടപ്പെടും. അങ്ങനെ ചരിത്രത്തിലെ രണ്ടു യമണ്ടൻ തോൽവികൾ മുൻകൂർ ബുക്ക് ചെയ്തു പാതാളത്തിലേക്ക് താഴാൻ തയ്യാറായി നിൽക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

Kalavoor ravikumar

കലവൂർ രവികുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

രണ്ടു വൻ തോൽവികൾ ഏറ്റുവാങ്ങാൻ കോൺഗ്രസിന്റെ ശ്വാസം ഇത്തിരി ബാക്കി. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച തോൽവി ഏറ്റുവാങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. സാധാരണ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങൾ ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കും. കോൺഗ്രസിനു ഇത്തവണ അതിന് കഴിഞ്ഞിട്ടുണ്ടോ? ഈ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും അത് വലിയ തിരിച്ചടിക്കിടയാക്കും എന്ന് ആ പാർട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ രാഹുലിനെ കൈവിടാൻ കോൺഗ്രസ് ദുർബലമായെങ്കിലും ശ്രമിക്കുന്നത്.

രാഹുൽ കേസ് രാഹുലിന്റെ വ്യക്തിപരമായ ചെയ്തി മാത്രമാണ്. അതിന് കുടപിടിക്കാനോ അതിനെ ന്യായീകരിക്കാനോ കോൺഗ്രസിന് ബാധ്യത ഉണ്ടായിരുന്നില്ല. ആ ബോധ്യത്തോടെയും ധീരതയോടെയും, ആദ്യമേ തന്നെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ കഴിയാതിരുന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദുരന്തം. തന്നെ പുറത്താക്കിയാൽ ബാക്കി ബണ്ടിചോറുകളെ കുറിച്ച് പറയാനുള്ളതൊക്കെ പറയും എന്ന രാഹുലിന്റെ ഭീഷണിയാവാം ഈ ദുരന്തം തങ്ങളെ വിഴുങ്ങുന്നത് നിശബ്ദം സഹിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.

രാഹുലിനെ വിമർശിക്കുന്നവർ സ്വന്തം കക്ഷിയിൽ നിന്നുള്ളവർ ആണെങ്കിൽ പോലും അവരെ തെറിയഭിഷേകം ചെയ്യുന്ന സൈബർ തെമ്മാടിസംഘത്തെയും കോൺഗ്രസ് നേതാക്കൾ ഭയന്നിരുന്നു എന്നുറപ്പാണ്.രാഹുലിന്റെ ഈ ശേഷിയും രാഹുലിനെ പൂർണ്ണമായും തള്ളിപ്പറയാനുള്ള അവരുടെ ശേഷിയില്ലാതാക്കി.യഥാർത്ഥത്തിൽ ഈ ശേഷിയും ശേഷിക്കുറവും ആണ് രാഹുലും കോൺഗ്രസ്സും തമ്മിലുള്ള ദൂരം. എന്തായാലും ഇത്തരം പല കാരണങ്ങളാൽ രാഹുലിനെ സംരക്ഷിക്കാവുന്നിടത്തോളം കോൺഗ്രസ് സംരക്ഷിച്ചു.

പാലക്കാട് അയാൾ പ്രചരണത്തിനിറങ്ങിയതൊക്കെ നിസ്സാരമായി കണ്ടു നിന്നു. അരുതെന്ന് വിലക്കാൻ ആർക്കും നെഞ്ചുറപ്പ് ഉണ്ടായില്ല. സ്വാഭാവികമായും ചാനലുകൾ കോൺഗ്രസ്സിനെ അപഹസിച്ചു. രാഹുൽ സസ്‌പെൻഡ് ചെയ്യപ്പെട്ടു എന്നതു ഒരു കോമഡി ആണെന്ന് ആണയിട്ട്,സസ്പെൻഡ്‌ ചെയ്തവരുടെ തൊലിയുരിഞ്ഞു.അങ്ങനല്ല അങ്ങനല്ല എന്നു ദീനമായി നിലവിളിച്ചുകൊണ്ട് രാഹുൽ വിവാദത്തെ പ്രതിരോധിക്കുന്ന ഒരു ന്യുനപക്ഷവും രാഹുലിനെ തന്നെ പ്രതിരോധിക്കുന്ന ഭൂരിപക്ഷവും ആയി കോൺഗ്രസ് വിഭജിക്കപ്പെട്ടു.

ചുരുക്കത്തിൽ ഈ പ്രതിരോധം മാത്രമായി തിരഞ്ഞെടുപ്പു കാലത്തെ കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രവർത്തനം.. ഇതിനിടെ ബിജെപി യുടെ. ഇ ഡിയെ തങ്ങളുടെ അൽസേഷ്യൻ ആക്കാൻ ഇടയ്ക്ക് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ ഈ അൽസേഷ്യന്‍ രാഹുൽഗാന്ധിയെ വരെ ഓടിച്ചിട്ട് കടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ അതീവ പുച്ഛത്തോടെയാണ് അതിനെ കണ്ടത്.

ഇടതുപക്ഷം ആവട്ടെ കഴിഞ്ഞ 10 വർഷങ്ങളുടെ ഭരണ നേട്ടങ്ങളുടെ കരുത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നിൽ ശിരസ്സ് ഉയർത്തി നിൽക്കുന്നത്. മാങ്കൂട്ടംരാഹുൽ അവർക്ക് കിട്ടിയ അതീവ പ്രഹരശേഷിയുള്ള ചാട്ടയായിരുന്നു. അതുകൊണ്ടുള്ള ചറപറാ അടികൊണ്ട് കോൺഗ്രസ് അർദ്ധപ്രാണനായി കഴിഞ്ഞു. മൂക്കിൽ വിരൽ വെച്ചാൽ ദുർബലമായി ശ്വസിക്കുന്നത് അറിയാം എന്ന് മാത്രം. അതായതു ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കോൺഗ്രസിന് ആസന്നം.

ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. രാഹുൽവിഷയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അന്തരീക്ഷത്തിൽ ഉണ്ടാകും. പല രാഹുൽകേസുകൾ കോൺഗ്രസ് തന്നെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടല്ലോ. അങ്ങനെയായാൽ രാഹുലും കൂട്ടരും വിളിച്ചു പറയുന്ന കഥകളുടെ ആഘാതവും കോൺഗ്രസിന് നേരിടേണ്ടി വരില്ലേ.

കൂടാതെ ഒരു ബഡ്ജറ്റ് കൂടി ഇടതുപക്ഷ ഗവൺമെന്റിന് അവതരിപ്പിക്കാൻ അവസരമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അത് ഒരു ഒന്നൊന്നര ബഡ്ജറ്റ് ആയിരിക്കും. അങ്ങേയറ്റം ജനപ്രിയമായ ബഡ്ജറ്റ്. ഇപ്പോഴുള്ള ഭരണ നേട്ടങ്ങൾക്ക് പുറമേ ആ ബഡ്ജറ്റിന്റെ തണൽ കൂടി ജനങ്ങൾക്ക് ലഭിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികക്കാൻ കോൺഗ്രസും സഖ്യകക്ഷികളും കഷ്ടപ്പെടും. അങ്ങനെ ചരിത്രത്തിലെ രണ്ടു യമണ്ടൻ തോൽവികൾ മുൻകൂർ ബുക്ക് ചെയ്തു പാതാളത്തിലേക്ക് താഴാൻ തയ്യാറായി നിൽക്കുകയാണ് കോൺഗ്രസ്.

ഇതൊരു അതിരുകടന്ന പ്രവചനമാണെന്ന് പെട്ടെന്ന് തോന്നാം. എന്നാൽ ഒന്ന് ആലോചിച്ചു നോക്കൂ. ഈ തദ്ദേശതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടത്തരം നേതാക്കൾ കൂടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ തിരിയാൻ സാധ്യതയില്ലേ. തങ്ങളുടെ തോൽവി ഉറപ്പാക്കിയ ഇപ്പോഴത്തെ ദുർബലനേതൃത്വത്തെ അവർ കാലു വാരുമെന്ന് തീർച്ചയല്ലേ. മാത്രമല്ല കോൺഗ്രസ് ആകെ നവീകരിക്കപ്പെടാനും നിലവിലുള്ള നേതാക്കൾ മുഴുവൻ പരാജയപ്പെട്ട് ഒരു പുതിയ നേതൃത്വം ഉയർന്നു വരണമല്ലോ.അതിനും ദയനീയമായ ഒരു തോൽവി അത്യന്താപേക്ഷിതമല്ലേ. ഇപ്പോൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടത്തരം നേതാക്കൾ ഇക്കാര്യം നടപ്പാക്കും.അവരുടെ ഭാവിക്കുവേണ്ടി, കോൺഗ്രസിന്റെ ഭാവിക്കുവേണ്ടി. ചിലപ്പോൾ ഇങ്ങനെ ഒന്ന് ചത്ത് ചീഞ്ഞ് പുനർജനിക്കുന്നത് കോൺഗ്രസിന് വലിയ ഗുണം ചെയ്തേക്കും.

dot image
To advertise here,contact us
dot image