രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം, പൊതുപ്രവർത്തനം തുടരാൻ അർഹനല്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

ഇനിമുതല്‍ രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം, പൊതുപ്രവർത്തനം തുടരാൻ അർഹനല്ല: രാജ്‌മോഹൻ ഉണ്ണിത്താൻ
dot image

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുലിന്‍റെ പുറത്താക്കൽ വൈകിയിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഹുലിന് ധാര്‍മിക മൂല്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും പൊതുപ്രവര്‍ത്തനം തുടരാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന, അദ്ദേഹത്തിന്റെ മുഖം വികൃതമാക്കുന്ന കാര്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തുകൊണ്ടിരുന്നതെന്നും ഇന്നുമുതല്‍ അദ്ദേഹം പാര്‍ട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇനിമുതല്‍ രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നിയമത്തിന് അതീതമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചില മൂല്യങ്ങളും നിലപാടുകളുമുണ്ട് അതാണ് ജനങ്ങള്‍ വിലമതിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന, കോണ്‍ഗ്രസിന്റെ മുഖം വികൃതമാക്കുന്ന കാര്യങ്ങളാണ് ഒരുപാട് കാലമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തുകൊണ്ടിരുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലാതായിരിക്കുന്നു. ഇനി അയാള്‍ എന്ത് ചെയ്യുന്നു എന്നത് ചിന്തിക്കേണ്ട കാര്യമേയല്ല. അദ്ദേഹത്തിന് എന്തും ചെയ്യാം. ഇന്നുമുതല്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗം പോലുമല്ല. ഇനി അയാളെ സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു ഉത്തരവാദിത്തവുമില്ല', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളോട് തനിക്ക് ബഹുമാനമുണ്ടെന്നും അവര്‍ക്ക് ഒരുപാട് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 2009-ല്‍ തനിക്കെതിരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ വെച്ച് താന്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 'അയാളുടെ പണം വാങ്ങിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാ നേതാക്കന്മാരെ, മുന്‍ പ്രതിപക്ഷ നേതാവിനെ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെ, കെപിസിസിയെ എല്ലാം അടക്കിയാക്ഷേപിച്ച കുറേപ്പേരുണ്ട്. വെട്ടുക്കിളികള്‍. അവന്മാര്‍ക്കും വെട്ടുകിട്ടിയിരിക്കുകയാണ്. വെട്ടുകിളികളുടെ ഇത്തരം നടപടികള്‍ അംഗീകരിച്ചുകൊടുക്കാനാവില്ല. കോണ്‍ഗ്രസിന് ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യവു പൈതൃകവും നശിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്ത് മറ്റൊരുതലത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതിന് ഫുള്‍സ്‌റ്റോപ്പിടണം. ഇട്ടേ മതിയാകൂ. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും വലിയ വില കൊടുക്കണം. വെട്ടുകിളികളെ എന്നന്നേക്കുമായി ഉന്മൂലനം ചെയ്യണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ വില കൊടുക്കേണ്ടിവരും. പുറത്താക്കാന്‍ വൈകിയില്ല': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rahul Mamkoottathil should resign as MLA, he is not fit for public service: Rajmohan Unnithan

dot image
To advertise here,contact us
dot image