

കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കൈവിട്ട് ഷാഫി പറമ്പില്‍ എംപിയും. രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായി ഓരോരുത്തരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ വിശദീകരിച്ചു. രാഹുലിനെതിരായ നടപടി പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'രേഖാമൂലം പരാതി വരും മുമ്പേ കോണ്‍ഗ്രസ് രാഹുലിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തി. ആക്ഷേപം മാത്രമുയര്‍ന്ന സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത സമീപനമാണത്. അതിന് ശേഷമാണ് രേഖാമൂലം പരാതി ലഭിച്ചതും പൊലീസ് നടപടികളേക്ക് കടന്നതും', ഷാഫി പറമ്പില്‍ പറഞ്ഞു.
രേഖാമൂലം ലഭിച്ച പരാതി പാര്‍ട്ടി കമ്മിറ്റി അന്വേഷിക്കാനൊന്നും തീരുമാനിച്ചില്ല. കെപിസിസി അധ്യക്ഷന്‍ തന്നെ ഡിജിപിക്ക് കൈമാറി. പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനമാണ് രാഹുലിനെ പുറത്താക്കുകയെന്നത്. പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെട്ട നിലപാട് തനിക്കില്ല. താൻ പരിപൂര്‍ണ്ണമായും പാര്‍ട്ടിക്കാരനാണ്. രാഹുലിനെതിരെ എടുത്ത നടപടികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ ആരും കൈക്കൊണ്ടിട്ടില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുലിനെതിരെ പാര്‍ട്ടി തുടക്കത്തിലെ നടപടിയെടുത്തു. രാഹുലുമായുള്ള അടുപ്പം പാര്‍ട്ടിയില്‍ വന്നശേഷം ഉണ്ടായതാണ്. വ്യക്തിപരമായ അടുപ്പം രാഷ്ട്രീയത്തിലേക്ക് എത്തിച്ചതല്ല. രാഹുലിന്റെ സംഘടനാ പ്രവര്‍ത്തനത്തെയാണ് പിന്തുണച്ചത്. പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നുവരുമ്പോള്‍ സംഘടനപരമായ പിന്തുണ കൊടുക്കാറുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വ്യക്തിപരമായി ആരിലേക്കും ചൂഴിന്നിറങ്ങിയിട്ടില്ല. രാഹുലിനെതിരെ ക്രിമിനല്‍ പശ്ചാത്തലമുള്ള പരാതികള്‍ നേരത്തെ തങ്ങളുടെ പക്കല്‍ വന്നിട്ടില്ല. പരാതികളായി ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Content Highlights: only connection with Rahul Mamkootathi is through the Congress said Shafi Parambil