

കൊച്ചി: 24 ന്യൂസ് ചാനല്‍ ചെയര്‍മാനെതിരെ വന്‍ തട്ടിപ്പ് കേസ്. 2000 കോടിയുടെ തട്ടിപ്പ് കേസാണ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലമ്പൂർ സ്വദേശിയായ അബ്ദുള്‍ സലാമിന്‍റെ പരാതിയില്‍ മറ്റ് അഞ്ച് പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും ചേർന്ന് സൗദി അറേബ്യയില്‍ പ്രവർത്തിച്ച് വരികയായിരുന്ന ആശുപത്രി ശ്യംഖല തട്ടിയെടുത്തെന്നാണ് പരാതി. ഇതിനായി പ്രതികള്‍ വലിയ തോതില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു.
പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. "ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ ചേർന്ന് 2015 മുതല്‍ 2019 വരേയുള്ള കാലയളവില്‍ ഗൂഡാലോചന നടത്തി പരാതിക്കാരന്‍ സൗദി അറേബ്യയില്‍ 2003 മുതല്‍ പ്രവർത്തനം നടത്തിവരുന്ന 2000 കോടി രൂപ വിലമതിക്കുന്ന ആശുപത്രി ശ്യംഖല വ്യാജരേഖയുണ്ടാക്കി ചതിയിലൂടെ തട്ടിയെടുത്തു' നെടുമ്പാശ്ശേരി പൊലീസ് രേഖപ്പെടുത്തിയ എഫ്ഐറില്‍ പറയുന്നു.
ആശുപത്രി ശ്യംഖല തട്ടിയെടുത്തിന് പുറമെ വ്യാജ പരാതികള്‍ നല്‍കി സൗദി അറേബ്യയില്‍ ജയില്‍വാസം അനുഭവിക്കുന്നതിന് ഇടയാക്കി. ഇതോടൊപ്പം തന്നെ ഒത്തുതീർപ്പിനെന്ന വ്യാജേന നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അബ്ദുള്‍ സലാമിനെ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
24 ന്യൂസ് ചാനല്‍ ചെയർമാന്‍ മുഹമ്മദ് ആലുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ നിസാം അലി, അബ്ദുള്‍ ലത്തീഫ്, സുബൈർ, ഷിഹാബുദ്ധീന്‍, സമീർ എന്നിവരാണ് രണ്ട് മുതല്‍ ആറുവരേയുള്ള പ്രതികള്‍.
Content Highlights: 24 News Channel Chairman Muhammed Alungal is facing A 2000 Crore Fraud Case