

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പരാതി ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രശ്‌നം തീര്‍ന്നെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയല്ലോ എന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സസ്‌പെന്‍ഷന്‍ പ്രധാന നടപടിയെന്നാണ് വി ഡി സതീശന്‍ ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം. ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
'പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുലിന് ഒളിവില്‍ പോകേണ്ടതായി വന്നു. ഇത് അപമാനകരമാണ്. കുറ്റം ചെയ്തവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണ്. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.' ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
'ദീപാ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ പരാതിക്കാരിയെ കുറ്റം പറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമൂഹം അത് തിരിച്ചറിയും. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുജീവിതത്തില്‍ നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് പ്രേരിപ്പിക്കേണ്ടത് കോണ്‍ഗ്രസാണ്. മൂല്യബോധം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണം. പാര്‍ട്ടിക്ക് ഏകീകൃതമായി ഒരു നിലപാടില്ല എന്ന കാര്യം വ്യക്തമാക്കുന്നതാണ് ഓരോരുത്തരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത്.' ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയെ കണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. അതിന് പിന്നാലെ കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്നാണ് ഇപ്പോൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
Content Highlight; LDF convener TP Ramakrishnan responds to complaint against Rahul