

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെന്നും അവള്‍ തെളിവുകള്‍ കൈമാറിയിരിക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നിട്ടും രാഹുല്‍ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോണ്‍ഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക എന്നാണ് പത്മജ വേണുഗോപാല്‍ ചോദിക്കുന്നത്.
ഗര്‍ഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകിയായ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുക എന്നും പത്മജ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. 'ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തേണ്ട ഒരാളാണ്. ഇങ്ങനെ സ്വഭാവ വൈകല്യമുളള ഒരുവനെ എങ്ങനെയാണ് വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കഴിയുക': പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ എബിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ധ്യംകരിക്കണമെന്നായിരുന്നു ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍റെ പ്രതികരണം. രാഹുലിനെ കെപിസിസി രാജിവെയ്പ്പിക്കണമമെന്നും രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ഒരു മൃഗത്തെപ്പോലെ, സൈക്കോ പാത്തിനെപ്പോലെ ഒരു പെണ്‍കുട്ടിയെ ഗര്‍ഭഛിദ്ര ഗുളിക കഴിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ഈ സൈക്കോപാത്തിനെ ആഭ്യന്തര വകുപ്പ് എത്രയുംവേഗം വന്ധ്യംകരിക്കണമെന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് വി മുരളീധരനും രംഗത്തെത്തിയിരുന്നു. ഗുരുതരമായ കാര്യമാണ് പുറത്തുവന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇത്രയും കാലം ഒഴിവു കഴിവുകള്‍ പറയുകയായിരുന്നെന്നും വി മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും രാഹുലിനെതിരെ കേസെടുത്ത് അയാളെ അറസ്റ്റ് ചെയ്യണമെന്നും വി മുരളീധരന്‍ പറഞ്ഞു. 'രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണം. ഭരണത്തില്‍ ഇരിക്കുന്നവരും പ്രതിപക്ഷവും ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളാണ്. ഒത്തുതീര്‍പ്പ് സാധ്യത സംശയിക്കുന്നുണ്ട്. അത്തരത്തില്‍ നീങ്ങാതെ കൃത്യമായ ശിക്ഷ നല്‍കണം. കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രാഥമിക അംഗത്വം ഒഴിവാക്കുക മാത്രമാണ് ചെയ്തത്. രാഹുല്‍ ഇപ്പോഴും പ്രചാരണത്തിനിറങ്ങുകയാണ്': വി മുരളീധരന്‍ പറഞ്ഞു. ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ അന്വേഷണച്ചുമതല റൂറല്‍ എസ്പി കെ എസ് സുദര്‍ശനാണ്.
Content Highlights: Padmaja venugopal against congress still supporting and protecting rahul mamkoottathil