'ഇത്രയും വലിയ തെറ്റ് ചെയ്തയാൾ ജനപ്രതിനിധി ആയി തുടരാൻ പാടില്ല'; പരാതിക്ക് പിന്നാലെ പ്രതികരണവുമായി റിനി ആൻ ജോർജ്

'അതല്ലെങ്കില്‍ ആ വ്യക്തി തെറ്റ് തിരുത്തി ജനങ്ങളോടും ആ സ്ത്രീകളോടും മാപ്പ് പറയാന്‍ തയ്യാറാകണം'

'ഇത്രയും വലിയ തെറ്റ് ചെയ്തയാൾ ജനപ്രതിനിധി ആയി തുടരാൻ പാടില്ല'; പരാതിക്ക് പിന്നാലെ പ്രതികരണവുമായി റിനി ആൻ ജോർജ്
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകയും അഭിനയത്രിയുമായ റിനി ആന്‍ ജോര്‍ജ്. ധൈര്യത്തോടെ ഇക്കാര്യം തുറന്ന് പറയാന്‍ കഴിഞ്ഞതിലും അതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വന്നതിലും ചാരിതാര്‍ത്ഥ്യമുണ്ടെന്ന് റിനി ആന്‍ ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'പല സ്ത്രീകളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു എന്ന കാര്യം അറിയാമായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്നതിലൂടെ മറ്റ് സ്ത്രീകള്‍ക്കും തുറന്ന് പറയാനുള്ള സാഹചര്യമുണ്ടായല്ലോ' എന്നും റിനി വ്യക്തമാക്കി.

'മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. മാധ്യമങ്ങള്‍ പൊള്ളത്തരം പറയുന്നു എന്ന ചിന്ത ചില ആളുകള്‍ക്കെങ്കിലും ഉണ്ട്. അത് വലിയ തെറ്റാണ്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ പോലും വളച്ചൊടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാഹുലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് ശേഷം എനിക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചത് എന്ന രീതിയില്‍ പോലും പെരുമാറിയ ആളുകളുണ്ടായിരുന്നു. ഞാന്‍ ആരെയും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചിരുന്നില്ല. എന്നിട്ടും എനിക്ക് നേരിടേണ്ടി വന്നത് വലിയ ആക്രമണമാണ്. അപ്പോള്‍ പേര് പറഞ്ഞ് രംഗത്തെത്തിയവരുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല.' റിനി പറഞ്ഞു.

'ഞാനായിട്ട് ആരുടെയും പേരെടുത്ത് ഒന്നും പറയാന്‍ മുതിരുന്നില്ല. അയാള്‍ തെറ്റ് തിരുത്തിയാല്‍ അയാള്‍ക്ക് നല്ലത് എന്ന് മാത്രമാണ് ഈ സാഹചര്യത്തില്‍ പറയാനുള്ളത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതല്ല. ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുകയും, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ്. അശാസ്ത്രീയമായി ഗര്‍ഭഛിദ്രം നടത്തി എന്ന കേസ് ഉള്‍പ്പെടെ അയാള്‍ക്കെതിരെയുണ്ട്. ഇത്രയും വലിയ തെറ്റുകള്‍ ചെയ്ത ആള്‍ ഒരിക്കലും ജനപ്രതിനിധി ആയി തുടരാന്‍ പാടില്ല. ഏത് പാര്‍ട്ടി എന്നതിലല്ല, ആരായാലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ല. ജനപ്രതിനിധി എന്നല്ല രാഷ്ട്രീയത്തില്‍ പോലും നില്‍ക്കാന്‍ യോഗ്യരല്ല. അതല്ലെങ്കില്‍ ആ വ്യക്തി തെറ്റ് തിരുത്തി ജനങ്ങളോടും ആ സ്ത്രീകളോടും മാപ്പ് പറയാന്‍ തയ്യാറാകണം.' റിനി കൂട്ടിച്ചേര്‍ത്തു.

who cares എന്ന Attitude ഉള്ള യുവരാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേത്രിയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത ആരോപണങ്ങൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ ക്ലിപ്പ് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനോ ഈ വിഷയത്തില്‍ തനിക്ക് പങ്കില്ലെന്ന് പറയാനോ പോലും രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. ആരും പരാതി നല്‍കുന്നില്ലല്ലോ. യുവതികള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ പരാതി നല്‍കട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.

Content Highlights; Journalist and actress Rini Ann George responds to the issue of Rahul Mamkootathil

dot image
To advertise here,contact us
dot image