

തിരുവനന്തപുരം: ലേബര്‍ കോഡ് വിവാദത്തില്‍ പ്രതികരിച്ച് തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ലേബര്‍ കോഡ് വിഷയത്തില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നുവെന്നും സംസ്ഥാനത്തിന് കടുത്ത സമ്മര്‍ദമുണ്ടായെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ലേബര്‍ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ കേരളം തയ്യാറായില്ല. തൊഴിലാളി സംഘടനകളുടെ വികാരം മാനിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തുടര്‍ നടപടികള്‍ വേണ്ടെന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും ശിവന്‍കുട്ടി വ്യക്തമാക്കി.
'കഴിഞ്ഞ മൂന്ന് വര്‍ഷമായി ലേബര്‍ കോഡ് വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ചില്ല. കേരളത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. ട്രേഡ് യൂണിയനുകളുടെ അടിയന്തര യോഗം നാളെ ചേരാനാണ് തീരുമാനം. തൊഴിലാളികളുടെ ഭാഗമറിഞ്ഞ ശേഷം മാത്രമെ ബാക്കി നടപടികള്‍ ഉണ്ടാവുകയുള്ളു. അവരുടെ അഭിപ്രായം കേള്‍ക്കുമെന്നത് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പാണ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.' വി ശിവന്‍കുട്ടി പറഞ്ഞു.
'അതേസമയം ലേബര്‍ കോഡ് വിഷയത്തില്‍ കരട് ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സെക്രട്ടറി രംഗത്തെത്തിയിരുന്നു. സംസ്ഥാന തൊഴില്‍ സെക്രട്ടറിക്ക് കടുത്ത സമ്മര്‍ദമാണ് ഇതിന്റെ ഭാഗമായി ഉണ്ടായത്. പി എം ശ്രീ പോലെ ഇതും കുഴപ്പമാണെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ലേബര്‍ കോഡ് നടപ്പിലാക്കാതിരിക്കാനായി മാറ്റിവെച്ച് കഴിഞ്ഞു. കരട് ഇറക്കുമ്പോള്‍ തന്നെ ട്രേഡ് യൂണിയനുകള്‍ അറിഞ്ഞിരുന്നു. ട്രേഡ് യൂണിയനുകളിലെ ആര്‍ക്കും പരാതികള്‍ ഒന്നുമില്ല. കേന്ദ്ര ലേബര്‍ കോഡിന് കേരളത്തില്‍ ചട്ടമുണ്ടാക്കിയത് സമ്മര്‍ദം കാരണമാണ്.' വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Content Highlight; Minister V Sivankutty reacts on labour code issue