ശബരിമല സ്വർണക്കേസ്: പത്മകുമാറിന് ഭരണഘടനാപരമായ വീഴ്ച പറ്റിയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

തെളിവ് പുറത്ത് വരുകയോ കുറ്റക്കാരനാണെന്ന് തെളിയുകയോ ചെയ്യാതെ നടപടി വേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം

ശബരിമല സ്വർണക്കേസ്: പത്മകുമാറിന് ഭരണഘടനാപരമായ വീഴ്ച പറ്റിയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
dot image

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കേസില്‍ പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ പത്മകുമാറിന് ഭരണഘടനാപരമായ വീഴ്ച പറ്റിയെന്ന് വിലയിരുത്തി പാര്‍ട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി. എന്നാല്‍ തെളിവ് പുറത്ത് വരുകയോ കുറ്റക്കാരനാണെന്ന് തെളിയുകയോ ചെയ്യാതെ നടപടി വേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

തെളിവ് വന്നാല്‍ ഉടന്‍ നടപടി എടുക്കാന്‍ തീരുമാനിച്ചു. പത്മകുമാറിന് ഭരണപരമായ വീഴ്ച സംഭവിച്ചുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജന്‍ നിലപാട് എടുത്തിരുന്നു. പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതിപുലര്‍ത്തിയില്ലെന്ന് യോഗത്തില്‍ എം വി ഗോവിന്ദനും വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ എന്‍ വാസുവിനെയും പത്മകുമാറിനെയും ഉന്നമിട്ടായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകാനാണ് സാധ്യത.

എന്നാല്‍ യോഗത്തില്‍ പത്മകുമാറിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ശബരിമലയില്‍ ഒരുതരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കൃത്യമായ നടപടി സ്വീകരിക്കും', എം വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നത്. സംഭവത്തില്‍ സിപിഐഎമ്മില്‍ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടെങ്കില്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചു. രാഹുലിനെതിരെ പരാതി നല്‍കാത്തത് കൊണ്ടാണ് ജയിലില്‍ ആകാത്തതെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് ആദ്യത്തെ വിഷയം അല്ലല്ലോ. പല ഓഡിയോകളും പുറത്തു വന്നല്ലോ? പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണ്. കോണ്‍ഗ്രസ് എല്ലാവരെയും സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സിപിഐഎമ്മിനോട് ചോദിക്കുന്നത്. പരാതിയുമായി വന്നാല്‍ രാഹുല്‍ ജയിലിലാകും', എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: Padmakumar committed constitutional lapse in Sabarimala the Pathanamthitta CPIM

dot image
To advertise here,contact us
dot image