

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ പോലും ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചത് കൊണ്ട് തന്നെ അവർക്ക് പരമ്പര സ്വന്തമാക്കാനാകും.
അതേ സമയം തോൽവി ഭീഷണി മുന്നിൽ നിൽക്കവെ കോച്ച് ഗൗതം ഗംഭീറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കൂടുതൽ മൂർച്ച കൂടി വരികയാണ്. നിരവധി മുൻ താരങ്ങളും ആരാധകരും ഇതിനകം തന്നെ ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഗംഭീറാണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരവും കോച്ചുമെല്ലാമായിരുന്ന രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശാസ്ത്രിക്ക് പിന്നാലെ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും രംഗത്തെത്തിയിരിക്കുകയാണ്. സംസാരമെല്ലാം നിർത്തി ഗംഭീർ ഗ്രൗണ്ടിൽ തെളിയിച്ച് കാണിക്കണമെന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം.
നാലാം ദിനം കളിക്കാനിറങ്ങും മുമ്പ് ഗംഭീര്‍ ഇന്ത്യൻ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങൾ നല്‍കുന്നതും വിക്കറ്റ് കീപ്പര് ധ്രുവ് ജുറെലിനോട് വിരലുയര്‍ത്തി സംസാരിക്കുന്നതും കാണാമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കുംബ്ലെ വിമർശനം ഉന്നയിച്ചത്.
അതേ സമയം ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് കിരീടം നേടിയെങ്കിലും ടെസ്റ്റിൽ ഗംഭീറിന്റെ കോച്ചിങ് റിസൾട്ട് അത്ര മികച്ചതല്ല. താരതമ്യേന കുഞ്ഞൻ ടീമുകളായ ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് ടീമുകളോടാണ് ഇന്ത്യ ഈ കാലയളവിൽ പരമ്പര ജയിച്ചത്. ന്യൂസിലന്‍ഡിനെതിരെ 3-0ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ 3-1 ന് പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2 -2 സമനിലയിൽ അവസാനിച്ചു.
Content Highlights: anil kumble criticize on gutam gambhir, indian cricket