

കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഡിസിസി ഉപാധ്യക്ഷന്‍ ജെയിംസ് പന്തമാക്കല്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.ഡിസിസി അധ്യക്ഷന്‍ പി കെ ഫൈസലിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയാണ് രാജി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 18 സീറ്റുകളില്‍ ഡിസിസി അധ്യക്ഷന്‍ പണം വാങ്ങി ഡീല്‍ ചെയ്‌തെന്നും ഫെസല്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും ജെയിംസ് ആരോപിച്ചു.
'ഭാരവാഹിയാകാന്‍ 25,000 രൂപ മുതല്‍ വാങ്ങുന്നു. എത്ര പണം കിട്ടുമെന്ന് പി കെ ഫൈസലിനോട് ചോദിക്കണം. ദീപാദാസ് മുന്‍ഷിക്ക് കത്തയച്ചെങ്കിലും പരിഗണിച്ചില്ല. ഡിസിസി ഓഫീസിലെ കയ്യാങ്കളി ആസൂത്രിതമാണ്. ആസൂത്രണത്തിന് പിന്നില്‍ ഡിസിസി അധ്യക്ഷന്‍ ആണ്', ജെയിംസ് പന്തമാക്കല്‍ പറഞ്ഞു.
എന്നാല്‍ ആരോപണം തള്ളി ഫൈസല്‍ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഫൈസല്‍ ഉന്നയിക്കുന്നതെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചുകൊണ്ട് ഫൈസല്‍ പറഞ്ഞു. വായിക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ്. കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നതുമുതല്‍ ജെയിംസ് പാര്‍ട്ടിക്ക് തലവേദനയാണ്. കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തും. നേതൃത്വം അന്വേഷിക്കട്ടെ', ഫൈസല്‍ പറഞ്ഞു.
സീറ്റ് വിഭജന തര്‍ക്കത്തിനിടെ കാസര്‍കോട് ഡിസിസി ഓഫീസില്‍ ജെയിംസ് പന്തമാക്കലും കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ ഡികെടിഎഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ഉള്‍പ്പെടെയുള്ള ഏഴുപേര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ഇവര്‍ക്ക് ഈസ്റ്റ് എളേരിയില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് യോഗം ആദ്യം നിരസിച്ചിരുന്നു.
Content Highlights: DCC Vice President james panthamakkal resigns