ഇതുപോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കും; സീമയെയും അനുശ്രീയെയും വിമർശിച്ച് ദിവ്യ

ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ ജി നായർ

ഇതുപോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കും; സീമയെയും അനുശ്രീയെയും വിമർശിച്ച് ദിവ്യ
dot image

കണ്ണൂർ: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ നടിമാരായ സീമ ജി നായർക്കും അനുശ്രീക്കുമെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങൾ എന്ന പരിഹാസത്തോടെയാണ് ദിവ്യയുടെ കുറിപ്പ്.

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദച്ചാമിയാണെന്നും പി പി ദിവ്യ ആരോപിച്ചു. സീമ ജി നായരുടെയും അനുശ്രീയുടെയും ചിത്രസഹിതമാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം….

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങൾ…
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്.സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം. കേരള ജനത കൂടെയുണ്ടാവും. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും. സീമാ ജി നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും.
ഇരയോടാണ്. നിങ്ങൾ ധൈര്യമായി ഇറങ്ങു. അമ്മയെയും പെങ്ങളെയും ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലുംപെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും. ഈ സർക്കാരും.

അതേസമയം രാഹുലിനെതിരെ പുതിയ ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്നതിന് പിന്നാലെ സീമ ജി നായർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നുമാണ് പോസ്റ്റിൽ പറയുന്നത്.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ്…

'ഇന്നലെ ചില പ്രശ്‌നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ 'തീക്കുട്ടി 'എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്. (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല.. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ) ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3മാസമായി പിആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്. ഇനി ഞാൻപറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും ഞാൻ എന്റെ സ്റ്റേറ്റ്‌മെന്റിൽ ഉറച്ചു നിൽക്കും(ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം അത് തെറ്റ് ചെയ്താൽ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട.'

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌മൈൽ ഭവനപദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ അതിഥിയായി അനുശ്രീ എത്തിയിരുന്നു. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Content Highlights: allegation against Rahul Mamkootathil; pp divya criticizes actress anusree and seema g nair

dot image
To advertise here,contact us
dot image