മകൾക്ക് അപകടം നേരിട്ടത് പോലെയാണ് പി ടി ഇടപെട്ടത്, നടിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഉമാ തോമസ്

കേസിൽ പ്രധാന സാക്ഷികളിൽ ഒരാളായിരുന്നു അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസ്

മകൾക്ക് അപകടം നേരിട്ടത് പോലെയാണ് പി ടി ഇടപെട്ടത്, നടിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഉമാ തോമസ്
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയാനിരിക്കെ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. കേസിൽ നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വന്തം മകൾക്ക് അപകടം നേരിട്ടത് പോലെയാണ് പി ടി തോമസ് ഇടപെട്ടതെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

കേസിൽ പ്രധാന സാക്ഷികളിൽ ഒരാളായിരുന്നു അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ അദ്ദേഹം വിസ്താരത്തിനും ഹാജരായിരുന്നു. ആക്രമിക്കപ്പെട്ടതിന് ശേഷം ലാലിന്റെ വീട്ടിൽ അഭയംതേടിയ നടിയെ വിവരം അറിഞ്ഞെത്തിയ അന്നത്തെ തൃക്കാക്കര എംഎൽഎ ആയിരുന്ന പി ടി തോമസ് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പി ടി തോമസിനെ സാക്ഷിചേർത്തത്. കേസിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം 2021ലാണ് അന്തരിച്ചത്.

2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഒരുസംഘം നടിയെ ആക്രമിച്ചത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നാണ് അറിയിച്ചത്. കുറ്റകൃത്യം സംഭവിച്ച് എട്ടര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. എട്ടാംപ്രതി ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികളും ഡിസംബര്‍ എട്ടിന് വിചാരണക്കോടതിയില്‍ ഹാജരാകണം. കേസിലെ വാദം ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് കഴിഞ്ഞ 27 തവണയും വാദത്തില്‍ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു.

നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ ഒൻപത് പ്രതികളുണ്ട്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം വിചാരണ നടപടികള്‍ പൂര്‍ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു.

Content Highlights: actress attack case, Uma thomas mla reaction

dot image
To advertise here,contact us
dot image