

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് കേരളത്തിലെത്തിയത് അന്തരിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ കാണാന്‍. ആളൂര്‍ അന്തരിച്ച വിവരം ബണ്ടി ചോര്‍ അറിഞ്ഞിരുന്നില്ല. കരുതല്‍ തടങ്കലെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകളില്ലാത്തതിനാലാണ് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയ ബണ്ടി ചോറിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാന്‍ എത്തിയതാണെന്നും അഭിഭാഷകനായ ആളൂരിനെ കാണാനാണ് താന്‍ വന്നതെന്നും ബണ്ടി ചോര്‍ മൊഴി നല്‍കി. എന്നാല്‍ ഞായറാഴ്ച്ച വിവരം സ്ഥിരീകരിക്കാന്‍ പൊലീസിനായില്ല. ഇതോടെ ഇയാളെ കസ്റ്റഡില്‍ വയ്ക്കുകയായിരുന്നു. പിന്നീട് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടി ചോര്‍ പറഞ്ഞ കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് വിട്ടയച്ചത്.
തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകള്‍, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടണമെന്നായിരുന്നു ബണ്ടി ചോറിന്‍റെ ആവശ്യം. തൃശ്ശൂരിലെ കവര്‍ച്ചാ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.
Content Highlights: Bundy Chor came to Kerala to meet Adv. B A Aloor