

കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള ശ്രമമാണ് നടക്കുന്നതെന്നും അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള ജനം ചര്‍ച്ച ചെയ്യുക തന്നെ ചെയ്യുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പത്തുവര്‍ഷം മുന്‍പ് ഇല്ലാത്തൊരു വിഷയത്തെ ചൊല്ലി കേരളമാകെ സ്തംഭിപ്പിച്ച് കേരളത്തില്‍ വലിയ കൊളള നടന്നെന്ന പേരില്‍ എല്‍ഡിഎഫ് നടത്തിയ സമരവും ചര്‍ച്ചയും ആരും മറന്നിട്ടില്ല. സോളാര്‍ സമരങ്ങള്‍ അവസാനം മല എലിയെ പെറ്റത് പോലെയായി. ഒരു രൂപ സര്‍ക്കാരിന് നഷ്ടപ്പെടാത്ത കാര്യത്തെ ചൊല്ലി കേരളത്തിലെ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞും സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചും ഭരണകൂടത്തെ സ്തംഭിപ്പിച്ചും മുന്നോട്ടുപോയവര്‍ ഇന്ന് ശബരിമലയിലെ വിശ്വാസികളെ വഞ്ചിച്ചിട്ട് ആ ചര്‍ച്ച വിലപ്പോകില്ലെന്ന് പറയുമ്പോള്‍ ഇരട്ടത്താപ്പാണ്. സോളാര്‍ സമരം വലിയ സംഭവമായിരുന്നു. ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ല എന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്': ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രി മെട്രോയും പെന്‍ഷനുമുള്‍പ്പെടെ വികസന പദ്ധതികളുമായി വന്നിരിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷം അദ്ദേഹം എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. 'കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും ഇത് തന്നെ പറഞ്ഞു. 9 വര്‍ഷം മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട് പണി തുടങ്ങണമെന്ന് ആഗ്രഹിച്ച് മുന്നോട്ടുപോയ പദ്ധതിയാണ് തിരുവനന്തപുരം മെട്രോ. അന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ട് നടക്കാതെ പോയതാണ്. കൊച്ചി മെട്രോയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ 2011-ല്‍ തറക്കല്ലിട്ടു, 2015-ല്‍ എല്ലാ പ്രവര്‍ത്തനവും അവസാനിച്ചു, 2016-ല്‍ ട്രയല്‍ റണ്‍ നടത്തി. അധികാരത്തില്‍ നിന്ന് പോകുന്നതിന് മുന്‍പേ തന്നെ ട്രയല്‍ റണ്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഇന്ന് കൊച്ചിയില്‍ മെട്രോയുണ്ട്. എല്‍ഡിഎഫായിരുന്നെങ്കില്‍ അടുത്ത 50 വര്‍ഷം കഴിഞ്ഞാലും എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞേനെ': ചാണ്ടി ഉമ്മന്‍ പറഞ്ഞു.
2011-ല്‍ 11 ലക്ഷത്തില്‍ നിന്ന് 38 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും ഏത് മാനദണ്ഡത്തിലാണ് എല്‍ഡിഎഫ് ഇപ്പോള്‍ മേനിപറയുന്നതെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീപ്ലെയിന്‍ പറന്നുപൊങ്ങിയതാണെന്നും മീന്‍ കുഞ്ഞുങ്ങള്‍ മരിക്കും എന്ന് പറഞ്ഞ് തടസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുടങ്ങിയ പദ്ധതി 9 വര്‍ഷം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കാത്തതെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. '9 വര്‍ഷക്കാലം വികസനം നടത്താതെ, പാവപ്പെട്ടന് പെന്‍ഷന്‍ കൊടുക്കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെൻഷൻ രണ്ടായിരമാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ അത് 2500 ആക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള ശ്രമമാണ് നടക്കുന്നത്. അത് കേരളത്തിലെ ജനങ്ങള്‍ കാണാതിരിക്കില്ല. കേരളം ശബരിമല സ്വര്‍ണക്കൊളള ചര്‍ച്ച ചെയ്യും: ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sabarimala gold theft will be discussed in local body election says chandy oommen