

ഗുവാഹത്തി ടെസ്റ്റിന്റെ രണ്ടാം ദിനം അക്ഷരാർത്ഥത്തിൽ ഇന്ത്യയെ വെള്ളം കുടിപ്പിച്ച ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കൻ താരം സെനുരാൻ മുത്തുസാമി പുറത്തെടുത്തത്. വിജയമോഹങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റിയ സെഞ്ച്വറിയാണ് 31കാരനായ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 206 പന്തിൽ 10 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെയാണ് സെനുരാൻ മുത്തുസാമി 109 റൺസ് നേടിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ ഇടംകയ്യൻ ബാറ്റർ ക്രീസിലേക്ക് എത്തുന്നത്. ഏഴാമനായി ക്രീസിലെത്തിയ സെനുരാൻ തന്റെ ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറി നേടിയതിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിൽ 431 റൺസ് തെളിഞ്ഞിരുന്നു. ഇതോടെ ആരാണ് സെനുരാൻ മുത്തുസ്വാമി എന്ന് തിരയുകയാണ് ഇന്ത്യൻ ആരാധകർ. പേരിലെ ഇന്ത്യൻ കണക്ഷനും ആരാധകരിൽ ഏറെ കൗതുകമുണർത്തിയിരിക്കുകയാണ്.
ആരാണ് സെനുരാന്‍ മുത്തുസാമി?
ഇന്ത്യൻ വംശജരാണ് സെനുരാന്റെ മാതാപിതാക്കൾ. 1994 ഫെബ്രുവരി 22 ന് ദക്ഷിണാഫ്രിക്കയിലെ നടാൽ പ്രവിശ്യയിലെ ഡർബനിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകനായാണ് സെനുരാൻ മുത്തുസാമി ജനിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് സെനുരാന്റെ പൂർവികർ ദക്ഷിണാഫ്രിക്കയിലേയ്ക്ക് ചേക്കേറിയത്. തമിഴ് പാരമ്പര്യവുമായി അടുത്ത ബന്ധം പുലർത്തുന്ന സെനുരാന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോഴും തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് താമസിക്കുന്നുണ്ട്.
ക്ലിഫ്ടൺ കോളേജിലാണ് മുത്തുസാമി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് സോഷ്യൽ സയൻസിൽ ബിരുദം സ്വന്തമാക്കി. മീഡിയ, മാർക്കറ്റിംഗ് വിഷയങ്ങളിലായിരുന്നു സെനുരാന്റെ സ്പെഷ്യലൈസേഷൻ. ഡർബനിൽ വെച്ചുതന്നെയാണ് സെനുരാന്റെ ക്രിക്കറ്റ് യാത്രയും ആരംഭിച്ചത്. സ്കൂൾ മത്സരങ്ങളിലും പ്രാദേശിക ടൂർണമെന്റുകളിലും കളിച്ച് പെട്ടെന്ന് ശ്രദ്ധ നേടാൻ സെനുരാന് കഴിഞ്ഞു.
അണ്ടര്‍-11 മുതല്‍ അണ്ടര്‍-19 ലെവല്‍ വരെ ഡോള്‍ഫിന്‍സ് എന്നറിയപ്പെട്ടിരുന്ന ക്വാസുലു-നടാലിനെയാണ് മുത്തുസാമി പ്രതിനിധീകരിച്ചത്. ക്വാസുലു-നടാല്‍ ടീം ഡോള്‍ഫിന്‍സ് എന്നാണ് അറിയപ്പെട്ടിരുന്നത്. 2015-16 സീസണില്‍ ക്വാസുലു-നടാല്‍സിന്റെ ടോപ് ഓര്‍ഡര്‍ ബാറ്ററായി മുത്തുസാമി തിരഞ്ഞെടുക്കപ്പെട്ടു. 2017 ജനുവരിയില്‍ നൈറ്റ്സ് ടീമിനെതിരേ 181 റണ്‍സടിച്ചെങ്കിലും ആ റോളില്‍ അധിക കാലം തുടരാനായില്ല. ബാറ്റിങ് ഫോം മോശമായതോടെ ബോളിങ് കൂടി പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് സെനുരാന്‍ മുത്തുസാമിയെ ഇന്ന് കാണുന്ന ഓള്‍റൗണ്ടറാക്കി മാറ്റിയത്. ബോളിങ് മികവിലൂടെയാണ് സെനുരാൻ 2019ലെ ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടം പിടിച്ചത്. അന്നത്തെ ഇന്ത്യൻ പര്യടനത്തിൽ വിശാഖപട്ടണം ടെസ്റ്റിലാണ് സെനുരാൻ അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റ് വിക്കറ്റിൽ തന്നെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ പുറത്താക്കിയാണ് സെനുരാൻ ശ്രദ്ധ നേടുന്നത്.
Content Highlights: Indian-origin star hits maiden Test Century in Guwahati; Who is Senuran Muthusamy?