മലപ്പുറം ഒരു മതത്തിനും സ്വന്തമല്ല; ബാബറി മസ്ജിദ് തകർത്തപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്എൻഡിപി: വെളളാപ്പളളി

ഇടതു സര്‍ക്കാരിന് അസാധ്യ ഇച്ഛാശക്തിയാണെന്നും കണ്ടവന്റെ കയ്യില്‍ നിന്ന് കടംവാങ്ങിയാണെങ്കിലും നമുക്ക് വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

മലപ്പുറം ഒരു മതത്തിനും സ്വന്തമല്ല; ബാബറി മസ്ജിദ് തകർത്തപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്എൻഡിപി: വെളളാപ്പളളി
dot image

ആലപ്പുഴ: മലപ്പുറം ഒരു മതത്തിനും സ്വന്തമല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്എന്‍ഡിപി എന്നും എന്‍എസ്എസും ക്രിസ്ത്യാനികളും അന്ന് മിണ്ടിയില്ലെന്നും വെളളാപ്പളളി പറഞ്ഞു. മുസ്‌ലിം ലീഗിനൊപ്പം താന്‍ അണ്ണന്‍ തമ്പി ആയി നടന്നതാണെന്നും അവര്‍ അവരുടെ കാര്യം സാധിച്ച് കടന്നുപോയെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിന് അസാധ്യ ഇച്ഛാശക്തിയാണെന്നും കണ്ടവന്റെ കയ്യില്‍ നിന്ന് കടംവാങ്ങിയാണെങ്കിലും നമുക്ക് വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'എന്നെ ചിലര്‍ വര്‍ഗീയവാദി എന്ന് വിളിക്കുന്നു. എസ്എന്‍ഡിപി സാമൂഹിക സത്യങ്ങള്‍ വിളിച്ചുപറയും. മതനിരപേക്ഷമാണ് ഈഴവ സമുദായം. മുതലാക്കല്‍ സ്വഭാവം എസ്എന്‍ഡിപിയ്ക്ക് ഇല്ല. ഒന്‍പത് എംപിമാരുണ്ട്. ഈഴവനും പട്ടികജാതിക്കാരനുമില്ല. അധികാരത്തില്‍ അധസ്ഥിതരും വരേണ്ടേ? എസ്എന്‍ഡിപിക്ക് പരിഗണനയും പരിരക്ഷയും വേണം. എസ്എന്‍ഡിപി ദുഃഖത്തിലാണ്', വെളളാപ്പളളി നടേശന്‍ പറഞ്ഞു.

മുസ്‌ലീം ലീഗ് നേതൃത്വം തന്നെ എന്തെല്ലാമാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 'മലപ്പുറം ഒരു മതത്തിനും സ്വന്തമല്ല. മലപ്പുറത്ത് ശ്രീനാരായണ കണ്‍വെന്‍ഷന്‍ നടത്തി. ലീഗിനൊപ്പം അണ്ണന്‍ തമ്പിയായി നടന്നതാണ്. അവര്‍ കാര്യം സാധിച്ച് കടന്നുപോയി. അവരുടെ സമുദായത്തിന് വേണ്ടത് നേടിയെടുത്തു. ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിക്കാതെ ലീഗ് എല്ലാം കൊണ്ടുപോയി. എന്നിട്ട് എന്നെ വര്‍ഗീയ വാദി ആക്കിയിട്ട് കാര്യമുണ്ടോ? വലിയ മന്തുളളവന്‍ ഉണ്ണി മന്തുളള എന്നെ ആക്ഷേപിക്കുന്നു. എല്ലാം ഞാന്‍ സഹിച്ചു', വെളളാപ്പളളി നടേശന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് ആവശ്യത്തിന് സീറ്റ് കിട്ടിയെന്നും കരയുന്ന കുഞ്ഞിനേ പാലുളളു എന്ന് തെളിയിക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ കണ്ടവന്റെ കയ്യില്‍ നിന്ന് കടംവാങ്ങി ആണെങ്കിലും നമുക്ക് വേണ്ടത് ചെയ്യുമെന്നും പെന്‍ഷന്‍ കൂട്ടിയതുള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരല്ലാതെ ആരെങ്കിലും ചെയ്യുമോ എന്നും വെളളാപ്പളളി ചോദിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്എന്‍ഡിപിയെന്നും അന്ന് നിലയ്ക്കലില്‍ പളളിക്ക് സ്ഥലം കൊടുക്കണമെന്ന് എസ്എന്‍ഡിപി പ്രമേയം പാസാക്കിയിട്ടുണ്ടെന്നും വെളളാപ്പളളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Malappuram does not belong to any religion; Vellapalli Natesan

dot image
To advertise here,contact us
dot image