രാഷ്ട്രീയ വിമർശനത്തെ വർഗീയമായി വളച്ചൊടിച്ചു; ലീഗ് വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ല:പി ഹരീന്ദ്രൻ

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗം

രാഷ്ട്രീയ വിമർശനത്തെ വർഗീയമായി വളച്ചൊടിച്ചു; ലീഗ് വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ല:പി ഹരീന്ദ്രൻ
dot image

കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍. മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ ജമാ അത്തെ കൂട്ടുകെട്ടുണ്ടെന്നും അതിനെ രാഷ്ട്രീയമായി വിമര്‍ശിച്ചതിനെ വളച്ചൊടിച്ചതാണെന്ന് ഹരീന്ദ്രന്‍ വിശദീകരിച്ചു. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഉണ്ടാക്കിയ ക്യാപ്‌സൂള്‍ മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. കുറേകാലമായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഹരീന്ദ്രന്‍ പറഞ്ഞു.

'മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളെയും എതിര്‍ത്താല്‍ അത് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിച്ചുകൊണ്ടുള്ള ഏര്‍പ്പാട് മതിയാക്കണം. എല്‍ഡിഎഫ് അല്ല അധികാരത്തിലെങ്കില്‍ പാലത്തായി കേസ് ഇന്ന് എവിടെയും എത്തിയിട്ടുണ്ടാവില്ല. ഇതിന് മുമ്പും ഒരു സമുദായത്തില്‍പ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും മുസ്‌ലിം ലീഗോ എസ്ഡിപിഐ ജമാ അത്തെ ഇസ്‌ലാമിയോ പ്രതിഷേധിച്ചിട്ടില്ല. മറിച്ച് അത്തരം സംഭവങ്ങള്‍ ഒതുക്കി തീര്‍ത്താനാണ് ശ്രമിച്ചത്', ഹരീന്ദ്രന്‍ പറഞ്ഞു.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നുമായിരുന്നു പി ഹരീന്ദ്രന്‍ പറഞ്ഞത്. 'കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്രവാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. അത് ലീഗിന്റെ ചിന്തയാണ്. വര്‍ഗീയതയാണ്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നിങ്ങളുടേത് വര്‍ഗീയതാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ല പ്രശ്‌നങ്ങളെ കാണുന്നത്', എന്നായിരുന്നു പി ഹരീന്ദ്രന്റെ പ്രസംഗം. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലാണ് സിപിഐഎം നേതാവിന്റെ പ്രസ്താവന.

Content Highlights: cpim P Hareendran Reaction over Palathay Case Controversial Statement

dot image
To advertise here,contact us
dot image