

പാലക്കാട്: സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഐഎം നേതാവിനെതിരായ പ്രാദേശിക നേതാവിന്റെ വധ ഭീഷണിയില്‍ പ്രതികരിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങളില്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് സുരേഷ് ബാബു മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ വസ്തുത പരിശോധിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
18ാം വാര്‍ഡില്‍ മത്സരിക്കുന്ന അട്ടപ്പാടിയിലെ മുന്‍ സിപിഐഎം ഏരിയാ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന് നേരെയാണ് വധഭീഷണി ഉണ്ടായത്. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയും' എന്നായിരുന്നു ഭീഷണി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.
'എനിക്ക് ഇനി പാര്‍ട്ടിയൊന്നുമില്ല. മേലെ നോക്കിയാല്‍ ആകാശം താഴെ നോക്കിയാല്‍ ഭൂമിയെന്ന അവസ്ഥയാണ്. ഒടയ തമ്പുരാന്‍ വന്ന് പറഞ്ഞാലും ഞാന്‍ മാറില്ല', എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. 'പാര്‍ട്ടിക്കെതിരെ നിന്നാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ കൊല്ലേണ്ടി വരും. ഇപ്പോള്‍ സ്‌നേഹത്തോടെ സംസാരിച്ചു. ഇനി അത് പറ്റില്ല. തട്ടിക്കളയും', എന്നാണ് ജംഷീര്‍ ഭീഷണിപ്പെടുത്തിയത്.
18ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഭീഷണിയുണ്ടെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. നീതിപൂര്‍വമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 42 വര്‍ഷത്തോളം സിപിഐഎം പ്രവര്‍ത്തകനായ രാമകൃഷ്ണന്‍ ആറ് വര്‍ഷം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
Content Highlights: CPIM district secretary reacts to the threat of a local leader