വിദേശത്ത് നിന്ന് നേപ്പാളിൽ, റോഡ് മാര്‍ഗം ഇന്ത്യയിൽ;ഫ്രഷ് കട്ട് കേസ് പ്രതി നോമിനേഷൻ പൂർത്തിയാക്കിയത് സാഹസികമായി

നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട് താമരശേരി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു

വിദേശത്ത് നിന്ന് നേപ്പാളിൽ, റോഡ് മാര്‍ഗം ഇന്ത്യയിൽ;ഫ്രഷ് കട്ട് കേസ് പ്രതി നോമിനേഷൻ പൂർത്തിയാക്കിയത് സാഹസികമായി
dot image

കോഴിക്കോട്: ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്ത് നിന്ന് നാട്ടിലെത്തി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താമരശേരിയിലെ ഫ്രഷ് കട്ട് സമരമസമിതി ചെയര്‍മാന്‍. കുടുക്കില്‍ ബാബുവാണ് പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നാമനിര്‍ദേശ പത്രികയുടെ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്. നേപ്പാളില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗമാണ് ബാബു നാട്ടിലെത്തിയത്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട് താമരശേരി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.

കുടുക്കില്‍ ബാബു സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും കുടുക്കില്‍ ബാബുവിനെ പിടിക്കണമെന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ വിദേശത്ത് നിന്ന് നേപ്പാളില്‍ വിമാനമിറങ്ങിയ ബാബു റോഡ് മാര്‍ഗം ഇന്ത്യയിലെത്തുകയായിരുന്നു. പിന്നീട് ആഭ്യന്തര ഫ്‌ളൈറ്റ് വഴി കോഴിക്കോടേക്കുമെത്തി. ആഭ്യന്തര ഫ്‌ളൈറ്റ് വഴി വരുമ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ബാധകമല്ലാത്തതിനാല്‍ കുടുക്കില്‍ ബാബു രക്ഷപ്പെടുകയായിരുന്നു.

ഗസറ്റഡ് ഓഫീസര്‍ മുമ്പാകെ ഒപ്പിട്ട് നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് തന്നെ കുടുക്കില്‍ ബാബു രക്ഷപ്പെട്ടു. പത്രിക തയ്യാറാക്കാന്‍ സഹായിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ യുഡിഎഫ് വേണ്ടിയാണ് ബാബു മത്സരിക്കുന്നത്. സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഒക്ടോബര്‍ 21നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു.

Content Highlights: Kudukkil Babu arrive India through Neppal to hide from Thamarassery Police

dot image
To advertise here,contact us
dot image